ബെംഗളൂരു: കർണാടകയിൽ 14 കാരനെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ തേജസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് രവികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്തായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി.
മൊബൈൽ ഫോൺ നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കൊലപാതകത്തിന് പിന്നിൽ. മകൻ പഠനത്തിൽ എപ്പോഴും പിന്നിലായിരുന്നത് രവി കുമാറിനെ ചൊടിപ്പിച്ചിരുന്നു. തേജസിന്റെ മോശം കൂട്ടുകെട്ടുകളും അമിതമായ ഫോൺ ഉപയോഗവുമാണ് പഠനത്തിൽ തേജസിനെ പിന്നിലാക്കുന്നതെന്നായിരുന്നു രവികുമാറിന്റെ ആരോപണം. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തര വഴക്കുമുണ്ടായിരുന്നു.
സംഭവ ദിവസവും ഫോൺ നന്നാക്കി തരുന്നതുമായി ബന്ധപ്പെട്ട് തേജസ് പിതാവുമായി കലഹിച്ചു. ഇതിൽ പ്രകോപിതനായ പിതാവ് മകനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും തല മതിലിൽ ഇടിപ്പിക്കുകയുമായിരുന്നു. നീ മരിച്ചാലും എനിക്കൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. അവശനായി കിടക്കുന്ന കുട്ടി മരിക്കുന്നത് വരെ ഇയാൾ കാത്തിരുന്നു. ശേഷം രക്തം വാർന്ന് മരിച്ചെന്ന് ഉറപ്പുവരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
മകൻ വീണതാണെന്നായിരുന്നു ഇയാൾ ആശുപത്രി അധികൃതരെ അറിയിച്ചത്. പോസ്റ്റുമോർട്ടത്തിന് അയക്കാതെ മൃതദേഹം വിട്ടുനൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കുട്ടിയെ മർദ്ദിക്കാനുപയോഗിച്ച ബാറ്റ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മുറ്റത്തെ രക്തക്കറ നീക്കം ചെയ്തതായും കണ്ടെത്തിയിരുന്നു.















