കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് ഉറച്ച് കാന്തപുരം വിഭാഗവും. സമുദായത്തിന് അവരുടെ വഖ്ഫ് സ്വത്തുക്കൾ തിരിച്ചുകിട്ടണമെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറജിൽ പറയുന്നു. വഖ്ഫ് എന്ന പൊതുസ്വത്ത് വിറ്റ് കാശാക്കിയവരിൽ നിന്ന് തിരികെ പിടിച്ചാൽ മാത്രമേ വഖ്ഫ് വിവാദം തീരുകയുള്ളൂവെന്ന ഭീഷണി സ്വരത്തിലാണ് എ.പി സുന്നി വിഭാഗം എഴുത്തുകാരനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഒ.എം. തരുവണ സിറാജിലെ ലേഖനത്തിൽ എഴുതിയിരിക്കുന്നത്.
മുനമ്പത്തും ചാവക്കാട്ടും മാത്രമല്ലെന്നും സംസ്ഥാനത്തുടനീളം വഖ്ഫ് സ്വത്തുക്കൾ കള്ള കച്ചവടം നടത്തിയിട്ടുണ്ട്. അവ മുഴുവൻ തിരഞ്ഞു പിടിച്ച് വീണ്ടെടുക്കണമെന്നും ലേഖനത്തിൽ ആഹ്വാനം ചെയ്യുന്നു. സമഗ്ര അന്വേഷണവും നടപടികളും വേണമെന്നും സിറാജ് മുഖപത്രത്തിൽ പറയുന്നു. വഖ്ഫ് സ്വത്താണെന്ന് അറിയാതെ സ്വത്ത് വിറ്റ് കാശിക്കിയാവരാണ് വിവാദത്തിലെ ശരിയായ പ്രതികൾ. നിരപരാധികളെ മാന്യമായി പുനരധിവസിപ്പിക്കണമെന്നും ലേഖനത്തിൽ പറയുന്നു.
മുനമ്പത്തെ 600-ലേറെ വരുന്ന കുടുംബങ്ങളാണ് വഖ്ഫ് അധിനിവേശത്തിൽ ദുരിതം അനുഭവിക്കുന്നത്. ഇന്ന് വഖ്ഫ് അധിനിവേശത്തിനെതിരെ രാഷ്‌ട്രീയ-മത-സമുദായ സംഘടനകൾ SNDP യോഗത്തിന്റെ നേതൃത്വത്തിൽ ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ച് വരെ മനുഷ്യച്ചങ്ങല തീർക്കും. ഇന്ന് വൈകുന്നേരം 3.30-നാണ് ആയിരങ്ങൾ അണിനിരക്കുന്ന മനുഷ്യച്ചങ്ങല നടക്കുക.