ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ മുതിർന്ന നേതാവും ഡൽഹി മന്ത്രിയുമായ കൈലാഷ് ഗെഹ്‌ലോട്ട് പാർട്ടി വിട്ടതോടെ ആംആദ്മിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ബിജെപി. കൈലാഷ് ഗെഹ്‌ലോട്ടിന്റെ രാജിയോടെ ആം ആദ്മി പാർട്ടിയുടെ പതനം പൂർണമായതായി ബിജെപി പറഞ്ഞു. സംസ്ഥാനത്തിനുവേണ്ടി ഒന്നും തന്നെ ചെയ്യാൻ ആം ആദ്മിക്ക് ഉദ്ദേശമില്ലെന്ന് ഡൽഹി ജനതയുടെ ആരോപണത്തെ ഇപ്പോൾ കൈലാഷും പിന്തുണച്ചിരിക്കുന്നുവെന്ന് ബിജെപി പറഞ്ഞു.
ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ എഎപിയെ “മുങ്ങുന്ന ബോട്ട്” എന്ന് വിശേഷിപ്പിച്ചു. എഎപി ബോട്ട് മുങ്ങുകയാണ്. എല്ലാവരും സ്വയം രക്ഷിക്കാൻ ശ്രമിക്കുന്നു. ഞങ്ങൾ എപ്പോഴും പറയുന്ന കാര്യങ്ങളാണ് ഇന്ന് കൈലാഷ് ഗെഹ്‌ലോട്ട് സമ്മതിച്ചിരിക്കുന്നത്. അരവിന്ദ് കെജ്‌രിവാൾ ഒരു അഴിമതിക്കാരനാണെന്ന് പകൽപോലെ വ്യക്തമായിക്കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ മൂന്ന് മുൻനിര നേതാക്കളിൽ ഒരാളായിരുന്നു കൈലാഷ് ഗെഹ്‌ലോട്ട്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഗതാഗത മന്ത്രിസ്ഥാനം വഹിച്ചിരുന്ന കൈലാഷിന്റെ രാജി പാർട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. രാജിക്കത്തിൽ കൈലാഷ് കെജ്‌രിവാളിനെതിരെ പ്രത്യക്ഷവും പരോക്ഷവുമായ ആരോപണങ്ങൾ നിരത്തിയിട്ടുണ്ട്. ആം ആദ്മിയിലേക്ക് തങ്ങളെ ഒരുമിപ്പിച്ച മൂല്യങ്ങൾക്ക് നേരെ പാർട്ടിക്ക് ഉള്ളിൽ നിന്നുതന്നെ വെല്ലുവിളികൾ നേരിടുന്നതായും ചിലരുടെ രാഷ്‌ട്രീയ താല്പര്യങ്ങൾ കാരണം ജങ്ങൾക്ക് നൽകിയ നിരവധി വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോയെന്നും അദ്ദേഹം ആരോപിച്ചു.