ഭോപ്പാൽ: അജ്ഞാതരുടെ സൂപ്പർ ഗ്ലൂ ആക്രമണത്തിൽ മോമോസ് വില്പനക്കാരന് പരിക്ക്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം സൂപ്പർ ഗ്ലൂ എറിയുകയായിരുന്നു. ആക്രമണത്തിൽ മോമോസ് വില്പനക്കാരനായ സൊഹൈലിന് പൊള്ളലേൽക്കുകയും കണ്ണുകളും ചുണ്ടും ഒട്ടിപിടിക്കുകയും ചെയ്തു. ഗ്വാളിയോറിലെ മോത്തിജീൽ ഏരിയയിലെ കടയിലാണ് സംഭവം. ഇയാൾ ഭാര്യ ഷബ്നവുമൊത്താണ് മോമോസ് സ്റ്റാൾ നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ട് സൊഹൈൽ തന്റെ സ്റ്റാളിൽ ജോലി ചെയ്യുന്നതിനിടെ മുഖം മറച്ച രണ്ട് പേർ ബൈക്കിൽ എത്തി. യാതൊരു പ്രകോപനവും കൂടാതെ ഇവർ സൊഹൈലിന്റെ മുഖത്തേക്ക് ഒരു കുപ്പി ‘ഫെവിക്വിക്ക്’ പശ എറിയുകയായിരുന്നു. ഭാര്യ ശബ്‌നം സഹായത്തിനായി നിലവിളിച്ചെങ്കിലും അക്രമികൾ ബൈക്കിൽ കയറി കടന്നുകളഞ്ഞു. തുടർന്ന് സമീപവാസികൾ പൊലീസിനെ വിവരമറിയിച്ചു. സൊഹൈൽ നിലവിൽ സമീപത്തുള്ള സർക്കാർ ആശുപത്രിയിലെ തീവ്ര പ്രചാരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പശ വീണ് പൊള്ളലേറ്റ സൊഹൈലിന്റെ കണ്ണുകളും ചുണ്ടുകളും പൂർണമായും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. സൂപ്പർ ഗ്ലൂവിൽ അടങ്ങിയിരിക്കുന്ന സയനോഅക്രിലേറ്റ് എന്നറിയപ്പെടുന്ന രാസവസ്തു മറ്റ് വസ്തുക്കളുമായി സമ്പർക്കം പുലർത്തുമ്പോൾ എക്സോതെർമിക് പ്രതികരണം ഉണ്ടാകുന്നു. അതിനാൽ സൂപ്പർ ഗ്ലൂ ഒരു വ്യക്തിയുടെ ചർമ്മത്തിൽ വളരെ പെട്ടന്ന് പൊള്ളലേൽപ്പിക്കും. അക്രമികളെ കണ്ടെത്താൻ സൊഹൈലിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.