മലമൂത്രവിസർജ്ജനത്തിനായി ശങ്ക തോന്നുമ്പോൾ കക്കൂസിൽ പോകാതെ പിടിച്ചുവച്ചിരിക്കുന്ന ശീലമുണ്ടെങ്കിൽ സൂക്ഷിച്ചോളൂ.. നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണെന്നാണ് വിദഗ്ധർ പറയുന്നത്.
ഒന്നോ രണ്ടോ തവണ പിടിച്ചുവച്ചാൽ അതുവലിയ പ്രശ്നമുണ്ടാക്കില്ലെങ്കിലും സ്ഥിരമായി ചെയ്യാറുണ്ടെങ്കിൽ മലാശയത്തിൽ നീർക്കെട്ട് ഉണ്ടാകുന്നതിനും മലബന്ധം അടക്കമുള്ള പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. പതിയെ ഇത് ഹൃദയാഘാതത്തിന് വരെ കാരണമാകും.
പല കാരണങ്ങളാൽ ആളുകൾ കക്കൂസിൽ പോകാതിരിക്കാറുണ്ട്. ഒന്നുകിൽ വൃത്തിയുള്ള ശുചിമുറി സൗകര്യം ലഭ്യമല്ല, അല്ലെങ്കിൽ പോകാൻ സമയമില്ല, അതുമല്ലെങ്കിൽ കക്കൂസിൽ പോകാനുള്ള സാഹചര്യമില്ല. ഇത്തരം അവസ്ഥകളിൽ ശങ്ക തോന്നിയാലും പിടിച്ചുവെക്കുന്നത് പതിവാണ്. ഇത് ശീലമായി കഴിഞ്ഞാൽ പലപ്പോഴും മലബന്ധമുണ്ടാകും. കക്കൂസിൽ പോയാലും പുറന്തള്ളാൻ കഴിയാത്ത അവസ്ഥ വരും. ഇത് മലദ്വാരത്തിന് ചുറ്റും വിള്ളലുകൾ, നീർക്കെട്ട്,മൂലക്കുരു എന്നിവ ഉണ്ടാക്കാം.
പ്രായമായവരിലാണെങ്കിൽ ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മൂലക്കുരു ഉള്ളവരിലാണെങ്കിൽ ഹൃദ്രോഗസാധ്യതയേറുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
നാരുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണത്തിലൂടെ മലവിസർജ്ജനം സുഗമമാക്കാൻ സാധിക്കും. ദിവസവും 7-8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പതിവായി വ്യായാമം ചെയ്യുക എന്നിവയും വയറൊഴിക്കാൻ സഹായിക്കും.















