മാന്നാർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായികാദ്ധ്യാപകൻ അറസ്റ്റിൽ. ആലപ്പുഴയിലെ സ്കൂളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതിനിടെയാണ് സംഭവം. മാന്നാർ കുട്ടംപേരൂർ എസ് എൻ സദനം വീട്ടിൽ എസ് സുരേഷ്കുമാറിനെ (43) യാണ് പോക്സോ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.
മാന്നാറിലെ സ്കൂളുകളിൽ താത്കാലിക കായിക അദ്ധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. കായിക പരിശീലനം നൽകുന്നതിനിടെ അധ്യാപകൻ വിദ്യാർത്ഥിനിയോട് മോശപ്പെട്ട രീതിയിൽ പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിനി വിവരം വീട്ടിൽ അറിയിച്ചു. രക്ഷകർത്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.
കേസെടുത്തതോടെ സുരേഷ് കുമാർ ഒളിവിൽ പോയി. ഇയാൾക്കായി പലയിടങ്ങളിലും തെരച്ചിൽ നടത്തി വരികയായിരുന്നു. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി ഇതിനുമുൻപും വിദ്യാർത്ഥികൾക്ക് നേരെ പീഡന ശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.















