പാലക്കാട്: കുഴൽമന്ദത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കുത്തനൂർ സ്വദേശിനി മീനാക്ഷി(75) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് വീട്ടുപരിസരത്ത് നിന്നായിരുന്നു വയോധികയെ പാമ്പ് കടിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ അണലി പാമ്പിനെ പരിസരത്ത് നിന്ന് കണ്ടെത്തി. ഇതോടെ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഴ്ചപ്പറമ്പ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മണ്ണിന്റെ നിറത്തോട് സാമ്യമുള്ള പാമ്പായതിനാൽ ഇവയെ കണ്ണിൽപ്പെടാനുള്ള സാധ്യത കുറവാണ്. അതിനാൽ കടിയേൽക്കാനുള്ള സാധ്യതയും കൂടുതലാണ്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നതെന്ന് അധികൃതർ അറിയിച്ചു. അതിനാൽ ഇവയുടെ കടിയേറ്റ് കഴിഞ്ഞാൽ സ്വയം ചികിത്സയ്‌ക്ക് നിൽക്കരുതെന്ന മുന്നറയിപ്പും അധികൃതർ നൽകുന്നു.