ന്യൂഡൽഹി: വായുമലിനീകരണ തോത് ഗുരുതരമായി ഉയർന്നതോടെ GRAP-IV പ്രകാരമുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡൽഹി. ട്രക്കുകൾ പ്രവേശിക്കുന്നതുൾപ്പടെ വിലക്കുമെന്നാണ് അറിയിപ്പ്. സർക്കാരിന് കീഴിലുള്ള നിർമാണ പ്രവർത്തനങ്ങൾ എല്ലാം താത്കാലികമായി നിർത്തിവെക്കും. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് – 4 പ്രകാരമുള്ള നിയന്ത്രണങ്ങൾ തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. മലിനീകരണതോത് കുത്തനെ ഉയർന്നതിന് പിന്നാലെയാണ് ഡൽഹി സർക്കാരിന്റെ നടപടി. ഡൽഹിയിൽ നാളെ ശക്തമായ പുകമഞ്ഞുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് 457 ആയിരുന്നു. ഇത് ഗുരുതരമായ അവസ്ഥയാണ്. തുടർന്നാണ് GRAP-IV കീഴിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായത്.
പ്രൈമറി ക്ലാസുകൾ നേരത്തെ തന്നെ ഓൺലൈനാക്കിയിരുന്നു. മലിനീകരണ തോത് ഗുരുതരമായ സാഹചര്യത്തിൽ 6 മുതൽ 9 വരെ ക്ലാസിൽ പഠിക്കുന്നവർക്കും 11-ാം ക്ലാസുകാർക്കും ഓൺലൈനാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് വരേണ്ടതില്ലെന്നാണ് സർക്കാർ അറിയിക്കുന്നത്.
ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ തുടങ്ങിയ എല്ലാ സർക്കാർ പദ്ധതികളുടെയും നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചു. ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനായി ചുരുക്കാൻ നിർദേശമുണ്ട്. പ്രായമായവർ, കുട്ടികൾ, ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവർ കഴിയുന്നത്ര വീടിനുള്ളിൽ ചെലവഴിക്കണമെന്നാണ് നിർദേശം.