ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കോമയിലെന്ന് റിപ്പോർട്ട്. 85കാരനായ ആയത്തുള്ളയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യസ്ഥിതി മോശമായത് കൊണ്ടാണ് ആയത്തുള്ളയുടെ രണ്ടാമത്തെ മകൻ മൊജ്തബ ഖമേനിയെ അടുത്ത നേതാവായി തെരഞ്ഞെടുത്തതെന്നാണ് വിവരം. 1989 മുതൽ ആയത്തുള്ള അലി ഖമേനി ഇറാന്റെ പരമോന്നത നേതാവെന്ന പദവി വഹിക്കുന്നു. റുഹൊല്ല ഖമേനിയുടെ പിൻഗാമിയായിട്ടാണ് ആയത്തുള്ള സ്ഥാനം ഏറ്റെടുക്കുന്നത്.
അധികം വൈകാതെ ആയത്തുള്ള സ്ഥാനമൊഴിയുമൊന്നും, അതീവ രഹസ്യമായിട്ടാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതെന്നും സൂചനയുണ്ട്. സെപ്തംബർ 26ന് ചേർന്ന രഹസ്യ യോഗത്തിലാണ് ഈ തീരുമാനം എടുക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി മൊജ്തബ ഖമേനി ഭരണത്തിൽ കാര്യക്ഷമമായി ഇടപെടലുകൾ നടത്താറുണ്ട്. പൊതുവേദികളിൽ അപൂർവമായി മാത്രമേ മൊജ്തബ പ്രത്യക്ഷപ്പെടാറുള്ളു. ജനരോഷം തടയാൻ വേണ്ടിയാണ് ആയത്തുള്ളയെ അടുത്ത നേതാവായി തെരഞ്ഞെടുത്ത വിവരം രഹസ്യമാക്കി വച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ആയത്തുള്ള അലി ഖമേനി കോമയിലാണെന്ന റിപ്പോർട്ടുകൾ ഇറാൻ തള്ളിക്കളഞ്ഞു. ആയത്തുള്ള മരിച്ചുവെന്ന തരത്തിലും ചില അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് പൂർണമായും തെറ്റായ പ്രചരണമാണെന്ന് വ്യക്തമാക്കിയ ഇറാൻ ആയത്തുള്ളയുടെ ചില ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സെപ്തംബറിൽ ഹിസ്ബുള്ള ഭീകരർക്കെതിരെ ഇസ്രായേൽ നടത്തിയ പേജർ ആക്രമണത്തിൽ പരിക്കേറ്റ ലെബനനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനിയുമായി തന്റെ ഓഫീസിലിരുന്ന ആയത്തുള്ള സംസാരിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.