ചെന്നൈ: ഭർത്താവിന്റെ അമ്മയെ ഉറക്കഗുളിക ചേർത്ത് മയക്കിക്കിടത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. വില്ലുപുരം സ്വദേശിനിയായ റാണിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. റാണിയുടെ മകന്റെ ഭാര്യയായ ശ്വേത, കാമുകനായ സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം അടുത്തിടെ റാണി കണ്ടെത്തിയിരുന്നു.
ഇത് ചോദ്യം ചെയ്ത റാണി, മറ്റുള്ളവരെ ഈ കാര്യം അറിയിക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് റാണിയെ കൊലപ്പെടുത്താൻ ശ്വേതയും സതീഷും തീരുമാനിക്കുന്നത്. ഇതിനായി ഫ്രൈഡ് റൈസ് മേടിച്ച ശേഷം അതിൽ ഉറക്കഗുളിക പൊടിച്ച് ചേർത്ത് റാണിക്ക് നൽകി. അവർ മയങ്ങിയ ശേഷം സതീഷ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ റാണിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണത്തിൽ സംശയം തോന്നിയ റാണിയുടെ ഇളയ മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ശ്വേത കുറ്റസമ്മതം നടത്തുകയായിരുന്നു.















