റിയോ ഡി ജനീറോ: വേദമന്ത്രങ്ങൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബ്രസീലിൽ അത്യുജ്ജ്വല വരവേൽപ്പ്. ബ്രസീലിലെ വേദപണ്ഡിതന്‍മാരുടെ നേതൃത്വത്തിൽ സംസ്‌കൃതമന്ത്രങ്ങള്‍ ഉരുവിട്ടാണ് നരേന്ദ്രമോദിയെ സ്വീകരിച്ചത്. സ്ത്രീകളും കുട്ടികളും പുരുഷന്‍മാരുമടങ്ങുന്ന സംഘത്തിന്റെ വേദപാരായണം അതീവ ശ്രദ്ധയോടെ പ്രധാനമന്ത്രി ശ്രവിക്കുകയും ചെയ്തു. പരമ്പരാഗത വേഷവിധാനങ്ങളോടെയായിരുന്നു സ്വീകരണം. ജി 20 ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി തലസ്ഥാനമായ റിയോ ഡി ജനീറോയിൽ എത്തിയത്.
രാമകൃഷ്ണ മിഷൻ, ഇസ്‌കോൺ, സത്യസായി ബാബ, മഹർഷി മഹേഷ് യോഗി, ഭക്തി വേദാന്ത ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾക്ക് ബ്രസീലിൽ ചാപ്റ്ററുകളുണ്ട്. പ്രധാനമന്ത്രിക്ക് മുമ്പിൽ വേദപാരണം നടത്തിയതിന്റെ സന്തോഷത്തിലാണ് ബ്രിസീലിയൻ സ്വദേശിയായ വേദ പണ്ഡിതൻ ജെനിഫർ ഷോൾസ്. “ഏകദേശം 10 വർഷം മുമ്പാണ് ഞാൻ വേദപഠനം ആരംഭിച്ചത്. അതിന് മുമ്പുള്ള എന്റെ ജീവിതം തികച്ചും നിരർത്ഥകമാണ്. വേദം പഠിക്കാൻ തുടങ്ങിയതോടെ ഞാൻ എന്നെ തന്നെ കണ്ടെത്തി. ആദ്യം അൽപ്പം പരിഭ്രമിച്ചെങ്കിലും ഇപ്പോൾ സന്തോഷവാനാണെന്നും, ജെനിഫർ ഷോൾസ് പറഞ്ഞു.
ബ്രസീലിയൻ ജനത വേദസംസ്‌കാരവുമായും ഭാരതീയ സംസ്‌കാരവുമായും ബന്ധപ്പെട്ടിരിക്കുന്നു. മന്ത്രങ്ങൾ കേൾക്കുമ്പോൾ അവരുടെ ഹൃദയത്തിൽ സന്തോഷവും സമാധാനവും അനുഭവപ്പെടുന്നു. നിരവധി വിദ്യാർത്ഥികൾ സംസ്‌കൃതവും മന്ത്രങ്ങളും പഠിക്കുന്നു. രാമായണത്തിലേയും മഹാഭാരതത്തിലേയും കഥകൾ അവർ ആകാംക്ഷയോടെ കേൾക്കുന്നു, ആചാര്യ വിശ്വനാഥ എന്നറിയപ്പെടുന്ന വേദ പണ്ഡിതന്‍ ജോനാസ് മസെറ്റി പറഞ്ഞു.
ഇന്നും നാളെയുമായി നടക്കുന്ന 19-ാമത് ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബ്രസീലിലെത്തിയത് . കഴിഞ്ഞ വർഷം ജി20 അദ്ധ്യക്ഷസ്ഥാനം വഹിച്ച രാജ്യം എന്ന നിലയിൽ പ്രധാനമന്ത്രിയെ അതീവ ശ്രദ്ധയോടെയാണ് ലോകം വീക്ഷിക്കുന്നത്. ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഗയാന സന്ദര്‍ശിക്കും. 1968 ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാന സന്ദര്‍ശിക്കുന്നത് .















