മലപ്പുറം: പൊന്നാനിയിൽ മത്സ്യത്തൊഴിലാളികളുടെ വലകൾ മോഷ്ടിച്ച് വിറ്റ സംഭവത്തിൽ യുവാവ് പിടിയിൽ. കോടതിപടി സ്വദേശി സഫീൽ (24) ആണ് പിടിയിലായത്. പൊന്നാനി ഹാർബറിൽ നിന്നും കോടതിപടി പരിസരങ്ങളിൽ നിന്നും മത്സ്യബന്ധന ഉപകരണങ്ങൾ മോഷ്ടിച്ച് വിവിധയിടങ്ങളിൽ വിൽക്കുന്നതായിരുന്നു ഇയാളുടെ പതിവ് രീതിയെന്ന് പൊലീസ് പറഞ്ഞു.
മോഷണങ്ങൾ പതിവായതോടെ മത്സ്യത്തൊഴിലാളികളും വ്യാപാരികളും പൊലീസിൽ പരാതി നൽകി. ഇതിനിടെ തവനൂർ സ്വദേശി ഷംസാദിന്റെ കടയിൽ നിന്നും ഏകദേശം 40,000 രൂപ വിലവരുന്ന 15 കെട്ട് വലകൾ പലതവണകളായി സഫീൽ മോഷ്ടിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ഹാർബർ കേന്ദ്രീകരിച്ച് മോഷണങ്ങൾ നടത്തിയതായും ഇയാൾ പറഞ്ഞു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.