ന്യൂഡൽഹി: ആം ആദ്മി പാർട്ടി മുൻ നേതാവും ഡൽഹി മന്ത്രിയുമായിരുന്ന കൈലാഷ് ഗെഹ്‌ലോട്ട് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടറിൽ നിന്നുമാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങളാണ് ശരിയെന്ന് മനസിലായെന്നും അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു.
” ആം ആദ്മിയിൽ നിന്നും രാജിവച്ചത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമായ മാർഗമല്ലായിരുന്നു. ഡൽഹിയിലെ ജനങ്ങൾക്കായി എക്കാലവും ആം ആദ്മിയുമായി ചേർന്ന് പ്രവർത്തിക്കണമെന്നായിരുന്നു ആഗ്രഹം. അണ്ണാ ഹസാരെയുടെ കാലം മുതൽ ഞാൻ ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ട്. ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവയ്‌ക്കുകയെന്നത് ഒറ്റ ദിവസത്തിലുണ്ടായ തീരുമാനമല്ല.”- കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു.
സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കൈലാഷ് പാർട്ടി വിട്ടതെന്ന ആരോപണങ്ങൾക്കുള്ള മറുപടിയും അദ്ദേഹം നൽകി. തനിക്ക് ഒരു തരത്തിലുള്ള സമ്മർദ്ദങ്ങളും നേരിട്ടിട്ടില്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ആം ആദ്മി പരാജയപ്പെട്ടത് മുതൽ താൻ പാർട്ടിയിൽ നിന്നും അകലാൻ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ ജനങ്ങളെ സേവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആം ആദ്മിയിൽ ചേർന്നത്. എന്നാൽ ആ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ആം ആദ്മിക്ക് സാധിച്ചില്ല.
ഡൽഹിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ജനങ്ങളെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാനും കേന്ദ്രസർക്കാരിന് സാധിക്കും. പ്രധാനമന്ത്രിയുടെ ആശയങ്ങളിലൂന്നി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. അതിനാലാണ് ബിജെപിയിൽ ചേർന്നതെന്നും കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെയാണ് കൈലാഷ് മന്ത്രിസഭയിൽ നിന്നും രാജിവച്ചത്. പിന്നാലെ ആം ആദ്മി പാർട്ടി വിട്ടതായും അദ്ദേഹം പ്രഖ്യാപിച്ചു. നിരവധി വാഗ്ദാനങ്ങൾ പാലിക്കാതെ പോയി. കേന്ദ്രസർക്കാരുമായുള്ള യുദ്ധത്തിനിടെ ഡൽഹിയുടെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആം ആദ്മി സർക്കാരിന് സാധിച്ചില്ല തുടങ്ങി നിരവധി വിമർശനങ്ങൾ ഉന്നയിച്ച ശേഷമാണ് കൈലാഷ് ഗെഹ്‌ലോട്ട് പാർട്ടി വിട്ടത്.