എറണാകുളം: നടനും അമ്മ മുൻഭാരവാഹിയുമായ ഇടവേള ബാബുവിനെതിരായ ലൈംഗികാരോപണക്കേസ് റദ്ദാക്കണമെന്ന ഹർജിയിൽ നിർദേശവുമായി ഹൈക്കോടതി. കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു നൽകിയ ഹർജിയിൽ ജസ്റ്റിസ് ബദറുദ്ദീന്റേതാണ് ഉത്തരവ്.
നേരത്തെ, ഇടവേള ബാബുവിനെതിരെയുള്ള ലൈംഗികാരോപണ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹർജിയിൽ എതിർകക്ഷിക്ക് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് കേസ് ഇന്ന് വീണ്ടും പരിഗണിച്ചത്.
ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. സിനിമയിലെ അവസരത്തിനും, അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.
അമ്മയിലെ അംഗത്വത്തിന് രണ്ട് ലക്ഷം രൂപ ചോദിച്ചതായും പരാതിക്കാരി ആരോപിക്കുന്നു. അഡ്ജസ്റ്റ്മെന്റിന് തയാറായാൽ പണം വേണ്ടെന്നും കൂടുതൽ അവസരം ലഭിക്കുമെന്നും ഇടവേള ബാബു പറഞ്ഞിരുന്നുവെന്നും ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു.