കൊല്ലം: കൊട്ടാരക്കരയിൽ കാർ ഇടിച്ച് കെഎസ്ആർടിസി ബസിന്റെ നാല് ടയറുകൾ ഊരിത്തെറിച്ചു. കൊട്ടാരക്കര പുലമണിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ ബസിന്റെ പിന്നിലെ ചക്രങ്ങൾ ഊരിത്തെറിച്ചു.
പുനലൂർ ഭാഗത്ത് നിന്ന് വന്ന കാറാണ് ബസിൽ ഇടിച്ചത്. എതിർ ദിശയിൽ അമിത വേഗതയിൽ വരുന്ന കാർ ശ്രദ്ധയിൽപ്പെട്ടതോടെ ബസ് സൈഡ് കൊടുക്കാൻ ശ്രമിച്ചെങ്കിലും അപകടം ഒഴിവാക്കാൻ സാധിച്ചില്ല. കാറിന്റെ മുൻഭാഗം തകരുകയും മുൻ ചക്രങ്ങളിൽ ഒന്ന് തെറിച്ച് പോവുകയും ചെയ്തു.
കാറിലെ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. മെഡിക്കൽ വിദ്യാർത്ഥികളാണ് കാർ ഓടിച്ചിരുന്നത്. ബസ് യാത്രികർക്ക് പരിക്കേറ്റിട്ടില്ല. ബസ് പെട്ടന്ന് നിർത്താൻ സാധിച്ചത് വൻ അപകടം ഒഴിവാക്കി.















