ന്യൂഡൽഹി: ഇന്ത്യയിലെ ഐഫോൺ പ്ലാന്റ് നിർമ്മാണത്തിന് തായ്‌വാനീസ് കരാർ കമ്പനിയായ പെഗാട്രോണുമായി കരാറൊപ്പിട്ട് ടാറ്റ ഇലക്ട്രോണിക്സ്. പ്ലാന്റിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങി ആപ്പിൾ വിതരണക്കാരനെന്നനിലയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ടാറ്റ.
കഴിഞ്ഞ ആഴ്ച ആഭ്യന്തരമായി പ്രഖ്യാപിച്ച കരാർ പ്രകാരം പ്ലാന്റിന്റെ 60 ശതമാനം ഓഹരികളും ടാറ്റ സ്വന്തമാക്കി കഴിഞ്ഞു. ഈ സംയുക്ത സംരംഭത്തിൽ പ്ലാന്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നത് ടാറ്റ ഇലക്ട്രോണിക്‌സായിരിക്കും. അതേസമയം പെഗാട്രോൺ സാങ്കേതിക പിന്തുണ നൽകുകയും ചെയ്യും. എന്നാൽ കരാർ സംബന്ധിച്ച വിവരങ്ങൾ പെഗാട്രോണോ ടാറ്റയോ പുറത്തുവിട്ടിട്ടില്ല.
പെഗാട്രോണിന് ആപ്പിളിന്റെ പിന്തുണയുണ്ടെന്നും ഇന്ത്യയിലെ ഏക ഐഫോൺ പ്ലാൻ്റ് ടാറ്റയ്‌ക്ക് വിൽക്കാൻ വിപുലമായ ചർച്ചകൾ നടത്തുന്നുണ്ടെന്നും ഏപ്രിലിൽ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ബെയ്ജിംഗും വാഷിംഗ്ടണും തമ്മിലുള്ള രാഷ്‌ട്രീയ പിരിമുറുക്കങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചൈനക്ക് ബദലായി മറ്റൊരു വിതരണ ശൃംഖല കണ്ടെത്താൻ ആപ്പിൾ ശ്രമിക്കുന്നുണ്ട്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരേയൊരു ഐഫോൺ കരാർ നിർമ്മാതാക്കൾ ഫോക്സ്‍കോണാണ്. എന്നാൽ ഈ രംഗത്തേക്ക് ശക്തമായ ഒരു എതിരാളിയായായി വളർന്നുവരികയാണ് ടാറ്റായുടെ ലക്ഷ്യം. നിലവിൽ ടാറ്റ കർണാടകയിൽ ഒരു ഐഫോൺ അസംബ്ലി പ്ലാൻ്റ് നടത്തിവരുന്നുണ്ട്. ഈ വർഷത്തെ ഐഫോൺ കയറ്റുമതിയിൽ 20 മുതൽ 25 ശതമാനം വരെ ഇന്ത്യക്ക് സംഭാവന ചെയ്യാൻ കഴിയുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.















