ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഒരു ദിവസം 5 ലക്ഷത്തിലധികം ആഭ്യന്തര യാത്രക്കാരെ വഹിച്ച് ഇന്ത്യൻ എയർലൈനുകൾ. കഴിഞ്ഞ ദിവസമാണ് (നവംബർ 17) ഇത്രയധികം യാത്രക്കാർ ഇന്ത്യൻ എയർലൈൻസുകളുടെ സേവനം ഉപയോഗപ്പെടുത്തിയത്. ഇന്ത്യക്ക് അകത്തുള്ള 3173 യാത്രകളിൽ വിവിധ എയർലൈൻസുകളുടെ വിമാനങ്ങളിൽ 5,05,412 പേരാണ് യാത്ര ചെയ്തത്.
നവംബർ 14 ന് 4.97 ലക്ഷം യാത്രക്കാർ, നവംബർ 15 ന് 4.99 ലക്ഷം നവംബർ 16-ന് 4.98 ലക്ഷം എന്നിങ്ങനെയാണ് ഇതിനുമുൻപുള്ള കണക്കുകൾ. ദീപാവലിക്ക് ശേഷം വിവാഹ സീസൺ ആരംഭിച്ചതോടെയാണ് ഈ മാറ്റമെന്നത് ശ്രദ്ധേയമാണ്. അവധിക്കാലം കേന്ദ്രീകരിച്ചുള്ള തിരക്കുകളിൽ നിന്ന് മാറി ഉത്സവകാലങ്ങളിൽ കൂടുതൽ യാത്രക്കാരെത്തുന്നതായും വിമാനകമ്പനികൾ പറയുന്നു. ഈ മാസം പ്രതിദിനം ശരാശരി 3161 ഫ്ലൈറ്റുകൾ സർവീസ് നടത്തുന്നുണ്ട്. മുൻമാസത്തേക്കാൾ ദിവസവും 8 സർവീസുകൾ അധികമായി നടത്തുന്നുവെന്നാണ് കണക്ക്.
വഴി തിരിച്ചുവിടലുകളും വ്യാജ ബോംബ് ഭീഷണിയും മൂലം ഇൻഡിഗോ ഉൾപ്പെടെയുള്ള മറ്റെല്ലാ എയർലൈനുകളും നഷ്ടകണക്കുകൾ പുറത്തുവിടുന്ന അവസരത്തിലാണ് ഈയൊരു മാറ്റം എന്നതും ശുഭസൂചകമാണ്. വിമാനത്താവളങ്ങൾ നവീകരിക്കുന്നതിലും എയർ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഡൽഹിയിലും മുംബൈയിലും അടുത്ത വർഷം പുതിയ വിമാനത്താവളം വരുന്നതോടെ നിലവിലെ പ്രശ്‍നങ്ങൾക്കും പരിഹാരമാകും.















