ഓസ്ട്രേലിയക്ക് എതിരെയുള്ള ടി20 പരമ്പരയിൽ പാകിസ്താന് സമ്പൂർണ പരാജയം. അവസാന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് കങ്കാരുകൾ സ്വന്തമാക്കിയത്. 52 പന്ത് ശേഷിക്കെയായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മാർക്കസ് സ്റ്റോയിനിസിന്റെ അർദ്ധസെഞ്ച്വറിയാണ് ഓസ്ട്രേലിയക്ക് അനായാസ ജയം നൽകിയത്. 118 റൺസാണ് പാകിസ്താൻ ഉയർത്തിയ വിജയലക്ഷ്യം. മറുപടി ബാറ്റിംഗിൽ ജേക്ക് ഫ്രേസർ മക്ഗുർക് ഷഹീൻ അഫ്രീദിയെ പഞ്ഞിക്കിട്ടാണ് തുടങ്ങിയത്.
ജോഷ് ഇംഗ്ലിസ്-മാർക്കസ് സ്റ്റോയിനിസ് സഖ്യത്തിന്റെ അർദ്ധസെഞ്ച്വറി കൂട്ടുകെട്ടാണ് വിജയം എളുപ്പമാക്കിയത്. സ്റ്റോയിനിസ് അഞ്ചു വീതം ബൗണ്ടറിയും സിക്സും പറത്തിയാണ് 27 പന്തിൽ 61 റൺസടിച്ചത്. ഇംഗ്ലിസ് 27 റൺസ് നേടി. മക്ഗുർക് 11 പന്തിൽ 18 റൺസെടുത്തു. മാത്യു ഷോർട്ട് (2) പുറത്തായ മറ്റൊരു താരം. മൂന്നോവർ മാത്രം എറിഞ്ഞ അഫ്രീദി വഴങ്ങിയത് 43 റൺസാണ്.
നേരത്തെ 18.1 ഓവറിൽ പാകിസ്താൻ പുറത്തായി. 41 റൺസെടുത്ത ബാബർ ആണ് ടോപ് സ്കോറർ. ആറുപേർ രണ്ടക്കം കണ്ടില്ല. ആരോൺ ഹാർഡി മൂന്ന് വിക്കറ്റ് പിഴുതപ്പോൾ സ്പെൻസർ ജോൺസൺ, ആദം സാംപ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.