മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളിലൊന്നാണ് ടോയ്‌ലറ്റ്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ടോയ്‌ലറ്റ് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഐക്യരാഷ്‌ട്രസഭയുടെ പ്രഖ്യാപന പ്രകാരം ശുചിത്വപ്രതിസന്ധി പരിഹരിക്കാൻ ആഗോള അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാവർഷവും നവംബർ 19ന് ലോക ടോയ്‌ലറ്റ് ദിനമായി ആചരിക്കുന്നു. 2013 മുതലാണ് ഈ ദിനം നിലവിൽ വന്നത്.
2030-ഓടെ എല്ലാവർക്കും ശുചിത്വവും വെള്ളവും ഉറപ്പാക്കുക എന്നാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. അപര്യാപ്തമായ ശുചിത്വസംവിധാനങ്ങൾ മൂലം ലോകമെമ്പാടുമുള്ള നിരവധിയാളുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലേക്ക് വെളിച്ചം വീശുന്നതിനാണ് ലോക ടോയ്‌ലറ്റ് ദിനം പ്രഖ്യാപിച്ചത്. കോളറ പോലുള്ള മാരകരോഗങ്ങൾ പടരുന്നത് തടയുന്നതുവഴി പൊതു-പാരിസ്ഥിതിക ആരോഗ്യം നിലനിർത്താൻ സാധിക്കും. സാമൂഹികാരോഗ്യത്തിനായി ടോയ്‌ലറ്റ് സൗകര്യങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത പങ്കാണ് ഇതിലൂടെ അടിവരയിടുന്നത്.
സുരക്ഷിതവും ശുചിത്വമുള്ളതുമായ ടോയ്‌ലറ്റ് സംവിധാനങ്ങളില്ലാതെ 3.5 ബില്യൺ ആളുകൾ ലോകത്തിന്റെ വിവിധയിടങ്ങളിലായി ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തെ 419 ദശലക്ഷം ആളുകൾ തുറസ്സായ മലമൂത്രവിസർജ്ജനം നടത്തുന്നവരുമാണ്. നിലവിലെ സാഹചര്യത്തിൽ ഭരണകൂടത്തിന്റെ അവഗണനകൾ, പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം, സംഘർഷങ്ങൾ എന്നീ പ്രശ്നങ്ങൾ കാരണം ശുചീകരണ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് വലിയ ഭീഷണിയാണ് ലോകത്തെ കോടിക്കണക്കിനാളുകൾ നേരിടുന്നത്. അതിനാൽ ‘Toilets – A Place for Peace’ എന്നതാണ് 2024ലെ ടോയ്‌ലറ്റ് ദിനാചരണത്തിന്റെ പ്രമേയം.
ഈ വർഷം, ടോയ്‌ലറ്റ് ദിനത്തോട് അനുബന്ധിച്ച് “ഹമാരാ ശൗചാലയ്: ഹമാര സമ്മാൻ” എന്ന കാമ്പയിനാണ് ഇന്ത്യ ആരംഭിക്കാൻ പോകുന്നത്. നവംബർ 19 ന് ആരംഭിക്കുന്ന ക്യാമ്പയിൻ ഡിസംബർ 10ന് മനുഷ്യാവകാശ ദിനത്തിൽ അവസാനിക്കും.















