നെഗറ്റീവ് റിവ്യൂകളിൽ തളരാതെ ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി കങ്കുവ. മൂന്ന് ദിവസത്തെ കളക്ഷൻ റിപ്പോർട്ടനുസരിച്ച് 127 കോടിയാണ് ചിത്രം നേടിയത്. തിയേറ്ററിലെത്തി, ആദ്യ മണിക്കൂറുകളിൽ തന്നെ നെഗറ്റീവ് റിവ്യൂകൾ ഉണ്ടായെങ്കിലും അതൊന്നും കളക്ഷനെ ബാധിച്ചിട്ടില്ലെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആദ്യ ദിനം മാത്രം 58 കോടിയാണ് ചിത്രം നേടിയത്. മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബിലും ഇടംനേടിയിരുന്നു. ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിൽ എത്തുന്ന സൂര്യയുടെ ആദ്യ ചിത്രമെന്ന റെക്കോർഡും കങ്കുവ സ്വന്തമാക്കി. 350 കോടി ബജറ്റിലൊരുങ്ങിയ ചിത്രം രണ്ട് കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്.
റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിനെതിരെ വലിയ തോതിൽ വിമർശനങ്ങളും ഉയർന്നിരുന്നു. സോഷ്യൽ മീഡിയകളിൽ സംവിധായകൻ സിരുത്തൈ ശിവക്കെതിരെ ട്രോളുകളും പരിഹാസ പോസ്റ്റുകളും നിറഞ്ഞു. എന്നാലും മികച്ച ബോക്സോഫീസ് കളക്ഷൻ നേടാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ.
കഴിഞ്ഞ ദിവസം നെഗറ്റീവ് റിവ്യൂകൾക്കെതിരെ പ്രതികരിച്ച് നടി ജ്യോതിക രംഗത്തെത്തിയിരുന്നു. വലിയ പരീക്ഷണങ്ങൾ നടത്തുന്ന സിനിമകളിൽ ചില പോരായ്മകളുണ്ടായിരിക്കും. കാഴ്ചവിസ്മയം പകരുന്ന സിനിമയാണ് കങ്കുവ. എന്നാൽ, സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ മാത്രം പറയാൻ ചിലർ താത്പര്യപ്പെടുന്നു. സിനിമയെ മോശമാക്കാൻ ആരൊക്കെയോ ശ്രമിക്കുന്നത് പോലെ തോന്നുന്നുണ്ടെന്നും ജ്യോതിക സോഷ്യൽ മീഡിയയിൽ കുറിച്ചു.















