കാലിഫോർണിയ: കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്ണോയ് അമേരിക്കയിൽ പൊലീസ് കസ്റ്റഡിയിൽ. കാലിഫോർണിയയിൽ നിന്നാണ് ഇയാൾ പിടിയിലായത്. നിരവധി ഉന്നതരുടെ കൊലക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയാണ് ലോറൻസിന്റെ സഹോദരൻ അൻമോൽ.
കഴിഞ്ഞവർഷം അമേരിക്കയിലേക്ക് മുങ്ങിയ അൻമോൽ ബിഷ്ണോയ് അനവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ പ്രതിയെ കൈമാറാൻ അമേരിക്കയോട് ഇന്ത്യൻ പ്രതിനിധികൾ അഭ്യർത്ഥിച്ചേക്കും. സിദ്ധു മൂസെവാലയുടെ കൊലയ്‌ക്ക് പിന്നാലെയാണ് ഗുണ്ടാനേതാവായ അൻമോൽ ഇന്ത്യ വിട്ടത്. ഹരിയാനയിലെ റോഹ്തകിൽ നിന്ന് ഭാനുപ്രതാപ് എന്ന പേരിലുള്ള വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് അൻമോൽ രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പിൽ അൻമോൽ ബിഷ്‌ണോയിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സൽമാന്റെ മുംബൈയിലുള്ള വീടിന് പുറത്ത് വെടിവെപ്പ് നടത്തിയതിന്റെ ഉത്തരവാദിത്തം അൻമോൾ ഏറ്റെടുത്തിരുന്നു. കൂടാതെ ബാബ സിദ്ദിഖ് വധക്കേസിലെ മുഖ്യ സൂത്രധാരൻ അൻമോൽ ബിഷ്ണോയ് ആണെന്നാണ് പൊലീസ് കണ്ടെത്തൽ.
ഇയാളെ കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രഖ്യാപിച്ചിരുന്നു. എൻഐഎ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും മറ്റ് 18 ക്രിമിനൽ കേസുകളുമാണ് അൻമോൽ ബിഷ്ണോയിക്കെതിരെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.