തിരുവനന്തപുരം: തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കമ്മിഷന്റെ പരിഗണനയിലാണെന്നും സതീദേവി പറഞ്ഞു. 2017-18 കാലത്താണ് മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ആ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ചില സീരിയലുകളിൽ കുട്ടികളിലടക്കം തെറ്റായ സന്ദേശം കൊടുക്കുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളും കാണുന്നത്. അതിനാൽ സീരിയലുകൾക്ക് സെൻസറിംഗ് അനിവാര്യമാണ്. അത് സമൂഹത്തിന് നല്ല സന്ദേശം നൽകുമെന്ന് സതീദേവി പറഞ്ഞു.
സീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ട്. സീരിയല്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലാണ്. പാലക്കാട് കോണ്‍ഗ്രസ് വനിത നേതാക്കളുടെ മുറികളില്‍ പരിശോധന നടത്തിയ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും വനിത കമ്മീഷന്‍ അദ്ധ്യക്ഷ അറിയിച്ചു.