മുനമ്പം: വഖ്ഫ് വിഷയത്തിൽ തിരിച്ചടി ഭയന്ന് മുസ്ലീംലീഗ്. മുനമ്പം വിഷയത്തിൽ അനുനയ നീക്കവുമായി മുസ്ലീംലീഗ് നേതാക്കൾ സമരസമിതിയുമായി കൂടിക്കാഴ്ച നടത്തി. വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിൽ വച്ച് സാദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ലത്തീൻ മെത്രാൻ സമിതിയുമായി കൂടിക്കാഴ്ച നടത്തിയത്. മുനമ്പം പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചർച്ചയ്‌ക്ക് ശേഷം കോഴിക്കോട് രൂപത ബിഷപ്പ് വർഗ്ഗീസ് ചക്കാലയ്‌ക്കൽ പറഞ്ഞു.
ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുനമ്പം ഭൂസംരക്ഷണ സമതിയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ അതേ അടവുനയമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടക്കുമ്പോൾ മുസ്ലീം ലീഗ് നേതാക്കൾ ഏറ്റുപിടിച്ചതെന്നാണ് അനുമാനം. യുഡിഎഫിനുവേണ്ടി പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖ് അലി ശിഹാബ് തങ്ങളും ദൗത്യം ഏറ്റെടുക്കുകയായിരുന്നു. മുനമ്പംവഖ്ഫ് വിഷയം യുഡിഎഫിന് തിരിച്ചടിയാകുമെന്ന ഭയം വർദ്ധിച്ചതോടെയാണ് അടിയന്തര കൂടിക്കാഴ്‌ച്ച നടന്നതെന്നാണ് വിലയിരുത്തൽ. നവംബർ 22ന് ഉന്നതതല യോഗം നിശ്ചയിച്ചിരിക്കെയാണ് ഈ കൂടിക്കാഴ്ച നടന്നതെന്നതും ശ്രദ്ധേയമാണ്. സർക്കാർ മുൻകൈയെടുത്ത് പ്രശ്‌ന പരിഹാരത്തിന് യോഗം വിളിക്കണമെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം സാദിഖ് അലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.
ചർച്ച സൗഹൃദ അന്തരീക്ഷത്തിലായിരുന്നുവെന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്നും മതമൈത്രിയാണ് വേണ്ടതെന്നും ലത്തീൻ മെത്രാൻ സമിതി പ്രസിഡന്റും കോഴിക്കോട് രൂപത ബിഷപ്പുമായ വർഗ്ഗീസ് ചക്കാലയ്‌ക്കൽ പറഞ്ഞു. മുനമ്പം വിഷയത്തിലെ സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരാണെന്നും സർക്കാരുമായി സഹകരിച്ച് മുന്നോട്ടുേപാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചർച്ചയിൽ ചില നിർദ്ദേശങ്ങൾക്ക് രൂപം നൽകിയതായി പറഞ്ഞെങ്കിലും അതെന്തന്ന് പരസ്യമാക്കാൻ കുഞ്ഞാലിക്കുട്ടി തയാറായില്ല. ഇതേസമയം തർക്ക ഭൂമി വഖ്ഫ് ഭൂമിയാണെന്ന എന്ന നിലപാടിൽ ഉറച്ചു നൽക്കുകയാണ് വഖ്ഫ് ബോർഡ്.