വയനാട്: ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ കേരളത്തിന് സി.കെ നായിഡു ട്രോഫിയിൽ വമ്പൻ ജയം. തമിഴ്നാടിനെ 199 റൺസിന് പരാജയപ്പെടുത്തിയത്. കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആവേശം നിറഞ്ഞ അവസാന ദിനം വരുൺ നയനാരിന്റെ വെടിക്കെട്ട് ബാറ്റിംഗും പവൻരാജിന്റെ വിക്കറ്റ് വേട്ടയുമാണ് ജയമൊരുക്കിയത്. ഇതാദ്യമായാണ് സി.കെ നായിഡു ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളം വിജയം സ്വന്തമാക്കുന്നത്. നേരത്തെ 11 തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ എട്ട് തവണയും വിജയം തമിഴ്നാടിന് ഒപ്പമായിരുന്നു. മൂന്ന് മത്സരങ്ങൾ സമനിലയിലും പിരിഞ്ഞു.
ആദ്യ ഇന്നിംഗ്സിൽ 109 റൺസ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സിൽ 248/8-ന് ഡിക്ലയർ ചെയ്ത് തമിഴ്നാടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാൽ, 358 റൺസിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ തമിഴ്നാടിന്റെ ബാറ്റിംഗ് നിരയ്ക്ക് പവൻ രാജിന്റെ കരുത്തുറ്റ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ 158 ന് പുറത്തായി. ആദ്യ ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തി തമിഴ്നാടിനെ വിറപ്പിച്ച പവൻ രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതോടെ താരം 13 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. തമിഴ്നാടിന്റെ ഓപ്പണർ ആർ.വിമൽ(37),സണ്ണി(31) എന്നിവർക്ക് മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്.
മൂന്നിന് 90 റൺസെന്ന നിലയിൽ അവസാന ദിനം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിനായി ഒരു സിക്സും 13 ഫോറുമുൾപ്പെടെയാണ് വരുൺ 112 റൺസെടുത്തത്. ആദ്യ ഇന്നിങ്സിലും വരുൺ (113) സെഞ്ച്വറി നേടിയിരുന്നു. രോഹൻ നായർ(58) അർദ്ധ സെഞ്ച്വറിയും നേടി. അഖിൻ രണ്ട് വിക്കറ്റും അഭിജിത്ത് പ്രവീൺ ഒരു വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്സിൽ ഇരുവരും രണ്ട് വിക്കറ്റ് വീതം നേടിയിരുന്നു. വരുൺ, കാമിൽ എന്നിവരുൾപ്പെടെ നാല് വിക്കറ്റെടുത്ത വിഗ്നേഷാണ് തമിഴ്നാടിന്റെ ബൗളിംഗ് നിരയിൽ തിളങ്ങിയത്.