ന്യൂഡൽഹി: വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ 10, 12 ക്ലാസുകളെ ഓൺലൈൻ ക്ലാസിൽ നിന്ന് ഒഴിവാക്കിയ ഡൽഹി സർക്കാർ നടപടിയിൽ ഇടപെട്ട് സുപ്രീംകോടതി. എല്ലാ ഓഫ് ലൈൻ ക്ലാസുകളും നിർത്തണമെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ നൽകണമെന്നും കോടതി നിർദേശിച്ചു. വായുമലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ എന്തുനടപടികളാണ് കൈക്കൊണ്ടതെന്നും സുപ്രീംകോടതി ചോദിച്ചു.
വായുമലീനികരണം ഗുരുതരമായപ്പോൾ സ്കൂളുകൾക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചെങ്കിലും 10, 12 ക്ലാസുകാരെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി അതിഷിയായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. വായുമലിനീകരണം മൂലമുള്ള പ്രയാസങ്ങൾ 10, 12 ക്ലാസുകളിലെ കുട്ടികളെയും ബാധിക്കുമെന്ന നിരീക്ഷണത്തെ തുടർന്ന് സർക്കാർ ഉത്തരവിൽ കോടതി ഇടപെടുകയായിരുന്നു. 10, 12 ക്ലാസുകാർക്ക് കൂടി ഓൺലൈൻ ക്ലാസ് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ് നൽകണമെന്നാണ് ഉത്തരവ്. ചില ക്ലാസുകാരെ മാത്രം ഓൺലൈൻ ക്ലാസിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഡൽഹി സർക്കാരിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു.