ഒരുമിച്ച് ജീവിക്കണമെങ്കിൽ സിനിമ ഉപേക്ഷിക്കണമെന്ന് മുൻ കാമുകൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തലുമായി നയൻതാര. തന്റെ കരിയർ കെട്ടിപ്പെടുക്കുന്നതിന്റെ യാത്രവും സ്വകാര്യ ജീവിതവും പങ്കുവക്കുന്ന ‘നയൻതാര ബിയോണ്ട് ദി ഫെയ്റി ടെയിൽ’ എന്ന ഡോക്യുമെന്ററിയിലാണ് തന്റെ മുൻ പ്രണയത്തെ കുറിച്ച് താരം ആദ്യമായി തുറന്നുപറഞ്ഞത്. മുൻ കാമുകനായ പ്രഭുദേവയുമായുള്ള ബന്ധത്തെ പരാമർശിച്ചുകൊണ്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. സിനിമ ഉപേക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. കാരണം, എനിക്ക് മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല. വിശ്വാസപൂർണമായ ഒരു ബന്ധമായിരുന്നു ആദ്യത്തെ പ്രണയം. ഞാൻ സ്നേഹിക്കുന്ന അതേ പോലെ അപ്പുറത്ത് നിൽക്കുന്നയാളും എന്നെ സ്നേഹിക്കുന്നുണ്ടെന്ന വിശ്വാസമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.
ശ്രീരാമ വിജയം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ ശേഷം ഞാൻ ഒരുപാട് കരഞ്ഞു. ഏറെ ഇഷ്ടപ്പെട്ട പ്രെഫഷൻ വിട്ടുകൊടുക്കേണ്ടി വരുമല്ലോ എന്നോർത്തായിരുന്നു എന്റെ വിഷമം. സിനിമ ഉപേക്ഷിക്കുക എന്നത് താൻ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും നയൻതാര ഡോക്യുമെന്ററിയിൽ പറയുന്നു.
2011-ൽ പുറത്തിറങ്ങിയ ശ്രീരാമ വിജയം എന്ന തെലുങ്ക് ചിത്രത്തിന് ശേഷം സിനിമാ അഭിനയം അവസാനിപ്പിക്കാൻ നയൻതാര തീരുമാനിച്ചിരുന്നു. ആ സമയത്ത് പ്രഭുദേവയുമായി താരം പ്രണയത്തിലായിരുന്നു. എന്നാൽ നായൻതാരക്കെതിരെ പ്രഭുദേവയുടെ ഭാര്യ രംഗത്തെത്തിയതോടെയാണ് ആ ബന്ധം അവസാനിച്ചത്.















