പരിക്ക് ഭേദമായി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമി ഇനി സയിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റ് കളിക്കും. ഇന്ന് പ്രഖ്യാപിച്ച ബംഗാൾ ടീമിൽ താരത്തെ ഉൾപ്പെടുത്തി. രണ്ടാമത്തെ ആഭ്യന്ത ടൂർണമെന്റിനാണ് ഷമി ഇറങ്ങുന്നത്. രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ ഇറങ്ങിയ താരം രണ്ടു ഇന്നിംഗ്സിലുമായി ഏഴ് വിക്കറ്റ് പിഴുത് തിളങ്ങിയിരുന്നു. 44 ഓവർ ബൗൾ ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞു. ബാറ്റിംഗിലും നിർണായക സംഭാവന നൽകാൻ ഷമിക്കായി. 36 റൺസാണ് താരം നേടിയത്.
അദ്ദേഹത്തിന്റെ ഫോം ഇന്ത്യക്ക് ശുഭ പ്രതീക്ഷയാണ് നൽകുന്നത്. പെർത്തിൽ ആരംഭിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ താരതമ്യേന പരിചയസമ്പന്നത കുറഞ്ഞ പേസ് നിരയാണ് ഇന്ത്യയുടേത്. ആഭ്യന്തര ക്രിക്കറ്റിലെ ഷമിയുടെ പ്രകടനം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ നിർണായകമാണ്.
2023 ഏകദിന ലോകകപ്പിൽ 7 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുമായി പരമ്പരയിലെ മികച്ച ബൗളറായത് ഷമിയായിരുന്നു. താരത്തെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോയാൽ ഇന്ത്യൻ പേസ് നിരയ്‌ക്ക് അത് ഗുണം ചെയ്യും. ഓസ്ട്രേലിയക്കെതിരെ മികച്ച റെക്കോർഡുള്ള താരമാണ് ഷമി. 8 മത്സരത്തിൽ നിന്ന് 31 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.