ഇറാനെതിരെ ഉപരോധം ശക്തമാക്കാനുള്ള നീക്കങ്ങളുമായി ബ്രിട്ടൻ. യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈമാറിയ ഇറാന്റെ നീക്കത്തിനെതിരെയാണ് ബ്രിട്ടന്റെ നടപടി. യുഎൻ രക്ഷാസമിതിയിലാണ് ബ്രിട്ടന്റെ വിദേശകാര്യമന്ത്രിയായ ഡേവിഡ് ലാമി ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ആഗോള സുരക്ഷയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും, ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും ഡേവിഡ് ലാമി ചൂണ്ടിക്കാട്ടി.
റഷ്യയ്‌ക്ക് ആയുധങ്ങൾ കൈമാറിയ ഇറാൻ ദേശീയ വിമാനക്കമ്പനിയുടേയും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഷിപ്പിങ് കമ്പനിയുടേയും ആസ്തികൾ മരവിപ്പിക്കുമെന്നാണ് ബ്രിട്ടന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇറാനിൽ നിന്നും റഷ്യയിലേക്ക് മിസൈലുകൾ എത്തിക്കാൻ ഉപയോഗിച്ച കപ്പലിനെതിരെയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രെയ്ൻ-റഷ്യ പോരാട്ടം ആരംഭിച്ചിട്ട് 1000 ദിവസങ്ങൾ പിന്നിട്ട വേളയിലാണ് ബ്രിട്ടന്റെ പ്രഖ്യാപനം. ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളും നേരത്തെ ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.
അമേരിക്ക നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിലെ വിലക്ക് നീക്കിയതായി കഴിഞ്ഞ ദിവസം ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. 2022 ഫെബ്രുവരി 24ന് തുടങ്ങിയ പോരാട്ടം ഇന്നും അവസാനമില്ലാതെ തുടരുന്നതിൽ പല ലോകരാജ്യങ്ങളും ആശങ്കയറിയിച്ചിട്ടുണ്ട്. നിലവിൽ യുദ്ധം അയയുന്ന സാഹചര്യത്തിലല്ല എന്നുള്ളതാണ് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നത്. 11,000ത്തിലധികം ഉത്തരകൊറിയൻ സൈനികരെ റഷ്യ ഇപ്പോൾ അതിർത്തി മേഖലകളിലായി വിന്യസിച്ചിട്ടുണ്ട്. കുർസ്‌ക് മേഖലയിൽ യുക്രെയ്ൻ സൈന്യവും ഉത്തരകൊറിയൻ സൈനികരും തമ്മിൽ ഏറ്റുമുട്ടിയതായി വാർത്തകൾ പുറത്ത് വന്നിരുന്നു.















