മോസ്‌കോ: യുഎസ് നിർമിത മിസൈലുകൾ റഷ്യയ്‌ക്കെതിരെ ഉപയോഗിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയത് നിലവിലെ സാഹചര്യങ്ങളെ വഷളാക്കുന്നതും, കൂടുതൽ ഇടങ്ങളിലേക്ക് സംഘർഷം വ്യാപിക്കാൻ കാരണമാകുന്നതുമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ്. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ യുക്രെയ്ൻ തീരുമാനിച്ചാൽ റഷ്യയും അതിന് അനുസൃതമായ തീരുമാനങ്ങൾ സ്വീകരിക്കുമെന്ന് പുടിൻ പറഞ്ഞതായും പെസ്‌കോവ് വ്യക്തമാക്കി.
” റഷ്യയെ ആക്രമിക്കാൻ യുക്രെയ്ൻ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചാൽ അത് അമേരിക്കയുടെ നേരിട്ടുള്ള പങ്കാളിത്തത്തെയാണ് പ്രതിനിധീകരിക്കുന്നത്. അത്തരമൊരു നീക്കമുണ്ടായാൽ മറ്റൊരു മഹായുദ്ധത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. റഷ്യയിൽ നിന്ന് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും” വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
അമേരിക്ക നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിന് യുക്രെയ്‌ന് മേലുള്ള വിലക്ക് നീക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്. അമേരിക്ക നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ അനുമതി നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി മാസങ്ങൾക്ക് മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു.
പ്രസിഡന്റ് സ്ഥാനം ഒഴിയാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ തീരുമാനം. യുദ്ധമുറത്ത് ഉത്തരകൊറിയയുടെ സൈനികർ വലിയ രീതിയിൽ വിന്യസിക്കപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം. ബൈഡന്റെ തീരുമാനം തികച്ചും അവസരോചിതമായ ഒന്നാണെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രശംസിച്ചത്.















