കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി (48) യെ ആണ് കാണാതായത്. കഴിഞ്ഞ ആറാം തീയതി മുതലാണ് ഇവരെ കാണാതായത്. സംഭവത്തിൽ വിജയലക്ഷ്മിയുടെ സുഹൃത്തായ ജയചന്ദ്രൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വിജയലക്ഷ്മിയെ അമ്പലപ്പുഴയിൽ വച്ച് കൊലപ്പെടുത്തിയതായി ഇയാൾ മൊഴി നൽകി. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ കരൂരിൽ പൊലീസ് തെരച്ചിൽ തുടരുകയാണ്.
ജയചന്ദ്രന്റെ സ്വന്തം വീടിന് പരിസരത്ത് നിർമാണം നടക്കുന്ന വീടിനെ കേന്ദ്രീകരിച്ചാണ് പരിശോധന. ഈ വീടിന്റെ ടോയ്‌ലറ്റിനായുള്ള സ്ഥലത്ത് വസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചിട്ടുണ്ട്. ഇവ എന്തെല്ലാമെന്ന് പൊലീസ് പരിശോധിക്കും. വീടിന്റെ പരിസരത്ത് മണ്ണ് ഇളകി കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിജയലക്ഷ്മിയെ കാണാതായതിനെ തുടർന്ന് ബന്ധുവാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ഫോൺ എറണാകുളത്തെ ഒരു കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചതായി കണ്ടെത്തി. എറണാകുളം സെൻട്രൽ പൊലീസാണ് ഫോൺ കരുനാഗപ്പള്ളി പൊലീസിന് കൈമാറിയത്.
ഇത് പരിശോധിച്ചതോടെയാണ് ജയചന്ദ്രനിലേക്ക് അന്വേഷണ സംഘമെത്തിയത്. വിജയലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.