കസ്റ്റമർ കെയർ സെന്ററിൽ നിന്നെന്ന വ്യാജേനയെത്തിയ ഫോൺ കോൾ കെണിയിൽ കുടുങ്ങിയ യുവതിക്ക് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടമായി. ബെംഗളൂരു സ്വദേശിനിയായ 31കാരിയാണ് തട്ടിപ്പിനിരയായത്. ഈ മാസം 13നാണ് യുവതിക്ക് ആദ്യമായി തട്ടിപ്പുസംഘത്തിന്റെ ഫോൺ കോൾ വരുന്നത്. കസ്റ്റമർ സർവീസ് സെന്ററിൽ നിന്നാണെന്ന് അഭിസംബോധന ചെയ്താണ് ഇവർ സംസാരിച്ചത്.
യുവതി ഫോണിൽ ഉപയോഗിക്കുന്ന സിം എടുക്കാൻ നൽകിയ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ സിം എടുത്തിട്ടുണ്ടെന്നും, അത് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. മുംബൈ ക്രൈം പൊലീസിൽ പരാതി നൽകണമെന്നും, അല്ലാത്തപക്ഷം മൊബൈൽ കണക്ഷൻ റദ്ദാക്കപ്പെടുമെന്നും വിളിച്ചയാൾ പറയുന്നു.
വിളിച്ചയാൾ തന്നെ സൈബർ പൊലീസുമായി ഫോൺ കണക്ട് ചെയ്യാമെന്നും യുവതിയെ അറിയിച്ചു. പിന്നാലെ വാട്‌സ്ആപ്പിലേക്കാണ് അടുത്ത കോൾ എത്തിയത്. താൻ മുംബൈ സൈബർ പൊലീസിൽ നിന്നാണെന്നും യുവതിയെ അറസ്റ്റ് ചെയ്യുമെന്നും ഇയാൾ ഭീഷണി മുഴക്കുമെന്നും. അന്വേഷണത്തിന്റെ ഭാഗമാണെന്ന് കാണിച്ച് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച ഇയാൾ 1,10,000 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. എന്നാൽ വീണ്ടും പണം ചോദിച്ച് വിളിക്കാൻ തുടങ്ങിയതോടെ സംശയം തോന്നിയ യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഇത് തട്ടിപ്പാണെന്ന് വ്യക്തമാകുന്നത്. ഐടി നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.















