കൊല്ലം: ആചാരാനുഷ്ഠാനങ്ങളിൽ പാർട്ടി കൈകടത്തുകയാണെന്ന് ആരോപിച്ച് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം. പാർട്ടി, സമുദായത്തിന്മേൽ കടന്നു കയറാൻ ശ്രമിക്കുകയാണെന്ന് കുണ്ടറ എസ്എൻഡിപി യൂണിയനും മൺറോ തുരുത്തിലെ എസ്എൻഡിപി ശാഖകളും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നു. ‘അന്ത്യയാത്രയിൽ അശാന്തി അരുത്’ എന്ന തലക്കെട്ടോടെയാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
സാമുദായികാംഗങ്ങളുടെ വീടുകൾ കേന്ദ്രീകരിച്ചുൾപ്പെടെ സിപിഎം നടത്തുന്ന ആചാര ലംഘന നീക്കങ്ങൾക്കെതിരെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് എസ്എൻഡിപി യോഗം നിലപാട് വ്യക്തമാക്കിയത്. മരണാനന്തര ചടങ്ങുകളിൽ പാർട്ടി പതാക പുതയ്‌ക്കാൻ ശ്രമം നടന്നുവെന്നും, ഗുരുദേവ സ്‌തോത്രം ചൊല്ലുന്നത് വിലക്കിയതായും ഇവർ ആരോപിക്കുന്നു. ഇനിയും ഇത്തരത്തിൽ പാർട്ടി കടന്നുകയറ്റം അനുവദിക്കാനാകില്ലെന്നാണ് നോട്ടീസിൽ പറയുന്നത്.
ആചാരാനുഷ്ഠാനുങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ബോധവത്കരണ പ്രചാരണ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് എസ്എൻഡിപിക്കെതിരെ സിപിഎം നീക്കങ്ങൾ ശക്തമായതെന്ന ആരോപണവും ഉയരുന്നുണ്ട്. യോഗം ബിജെപിയെ പിന്തുണച്ചതായും നിലപാടിനെതിരെ പ്രതികരിക്കണമെന്നുമായിരുന്നു കീഴ്ഘടകങ്ങൾക്കുള്ള സിപിഎം നിർദ്ദേശം. ഇതിൻപ്രകാരം ആചാരങ്ങളിൽ ഉൾപ്പെടെ കൈകടത്താൻ പാർട്ടി ശ്രമിക്കുന്നതിനെതിരെയാണ് പരസ്യ വിമർശനവുമായി യോഗം നോട്ടീസ് പുറത്തിറക്കിയത്.