പാലക്കാടും വഖ്ഫ് ബോർഡിന്റെ ഭൂ ജിഹാദ്. ജില്ലയിൽ മാത്രം 2,219 സ്വത്തുക്കൾക്കാണ് വഖ്ഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. വഖ്ഫ് ബോർഡിന്റെ വെബ്സൈറ്റായ ‘വാംസി’യിൽ പ്രസിദ്ധീകരിച്ച സ്വത്തിന്റെ വിശദാംശങ്ങൾ ജനം ടിവിക്ക് ലഭിച്ചു. പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന ഭൂമി മുതൽ ആരാധനാലയങ്ങളക്കം ഇതിൽ ഉൾപ്പെടും
പാലക്കാട് ജില്ലയിൽ മാത്രം ഹെക്ടർ കണക്കിന് ഭൂമി തട്ടിയെടുക്കാനാണ് വഖ്ഫ് ശ്രമം. വെബ്സൈറ്റിലെ കണക്ക് പ്രകാരം മുൻസിപ്പാലിറ്റിയിൽ മാത്രം 110 വഖ്ഫ് സ്വത്തുക്കളുണ്ട്. 54 സബ്ഡിവിഷനാണ് മുൻസിപ്പാലിറ്റിക്കുള്ളത്. ഇതിൽ മണ്ണാർക്കാട് സബ്ഡിവിഷനിലാണ് ഏറ്റവും കൂടുതൽ വഖ്ഫ് സ്വത്തുള്ളത്. 917 സ്വത്തിനാണ് വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. പാലക്കാട് സബ്ഡിവിഷൽനിൽ 310, ഒറ്റപ്പാലം സബ്ഡിവിഷനിൽ 255, ചിറ്റൂരിൽ 300, ആലത്തൂരിൽ 429 എന്നിങ്ങനെയാണ് സ്വത്ത് വിവരങ്ങൾ. ഇതിനോടകം സ്വത്ത് കണ്ടുകെട്ടാൻ പല സ്ഥലങ്ങളിലും വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മാത്രം വഖ്ഫിന് 200 സ്വത്തുണ്ട്. കൊടുങ്ങരപ്പളളി, വടക്കുംന്തറ, യാക്കര, കണ്ണാടി, വലിയങ്ങാടി കൊപ്പം, കിനാശ്ശേരി, കന്നേക്കാട് തുടങ്ങി പ്രദേശങ്ങിൽ സ്വത്തുള്ളതായി വഖ്ഫ് ബോർഡിന്റെ വെബ്സൈറ്റിൽ പറയുന്നു. എന്നാൽ നോട്ടീസ് ലഭിക്കാത്തതിനാൽ യഥാർത്ഥ ഉടമകളിൽ മിക്കവർക്കും വഖ്ഫ് അവകാശവാദം സംബന്ധിച്ച് അറിവില്ല. വരും ദിവസങ്ങളിൽ ഈ ഉടമസ്ഥരെ തേടി വഖ്ഫിന്റെ നോട്ടീസ് എത്തുമെന്നാണ് വിവരം.
പാലക്കാട്ടെ വഖ്ഫ് അധിനിവേശം സംബന്ധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ഇതിന് മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇടത്-വലത് മുന്നണികൾ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ പോലും തയ്യാറായില്ല. പാലക്കാട് മുൻ എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിൽ മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ പോലും തയ്യാറല്ല. ഈ ഘട്ടത്തിലാണ് ഷാഫി വർഷങ്ങളോളം എംഎൽഎയായിരുന്ന പ്രദേശത്തെ വഖ്ഫ് അവകാശവാദത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്.















