തിരുവനന്തപുരം: വയനാട് ദുരന്തം രാഷ്‌ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഹീന തന്ത്രമാണ് ഇൻഡി സഖ്യം പയറ്റുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുളീധരൻ. വയനാട്ടിൽ ഇന്നത്തെ ഹർത്താൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. പ്രതിപക്ഷം വയനാട്ടിൽ അഡ്ജസ്റ്റ്മെന്റ് നടത്തുകയാണ്. ഇതിന്റെ പൊളളത്തരം ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് സഹായം നൽകില്ലെന്ന് എവിടെയും കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിലുള്ള നടപടികൾ കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ സത്യവാങ്മൂലം അറിയിച്ചിട്ടുണ്ട്. കേരളം വിശദമായ അന്തിമ റിപ്പോർട്ട് സമർപ്പിച്ചാൽ സഹായം സംബന്ധിച്ച് പരിഗണിക്കും . ദുരന്തം സംബന്ധിച്ച റിപ്പോർട്ട് ഇപ്പോഴും മുഖ്യമന്ത്രിയുടെ മുന്നിലാണ്. മുഖ്യമന്ത്രി കൈമാറാത്ത റിപ്പോർട്ടിൽ കേന്ദ്രം എങ്ങിനെ സഹായം അനുവദിക്കുമെന്നും അദ്ദേഹം ചോദിച്ചു.
വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ച് നൽകാൻ വിവിധ സന്നദ്ധ സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്. നാല് മാസം കഴിഞ്ഞിട്ടും ഇവരുമായി ചർച്ച ചെയ്യാൻ പോലും സംസ്ഥാനം തയ്യാറായിട്ടില്ല. ഹർത്താൽ നടത്തുന്നവർ ഇതിന് മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.