മുംബൈ: ബാങ്കുകൾ പലിശനിരക്ക് കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിർമലാ സീതാരാമൻ. വായ്പയെടുക്കുന്ന പണത്തിന് ഈടാക്കുന്ന പലിശ, കുറച്ചുകൂടി താങ്ങാവുന്ന നിലയിലേക്ക് കൊണ്ടുവരാൻ ബാങ്കുകൾ തയ്യാറാകണമെന്ന് ധനമന്ത്രി അഭ്യർത്ഥിച്ചു. കടം വാങ്ങുന്നതോടെ നിരവധിയാളുകൾ സമ്മർദ്ദത്തിലാവുകയാണെന്നും ഉയർന്ന പലിശനിരക്ക് രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയുടെ പ്രസ്താവന.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോൺക്ലേവിനിടെയായിരുന്നു നിർമലാ സീതാരാമൻ അഭിപ്രായപ്രകടനം നടത്തിയത്. ബിസിനസ് വിപുലീകരിക്കാനും ശേഷി വികസിപ്പിക്കാനും ആഗ്രഹിക്കുന്ന ചെറിയ വ്യവസായികൾക്ക് ഉയർന്ന പലിശനിരക്ക് വലിയ വെല്ലുവിളിയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ബാങ്കുകൾ ഉയർന്ന പലിശനിരക്ക് കുറയ്‌ക്കാൻ തയ്യാറാവണമെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു. പലിശനിരക്ക് കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ, വ്യവസായമന്ത്രി പീയൂഷ് ഗോയലും കഴിഞ്ഞയാഴ്ച പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രിയും ഇക്കാര്യം ആവർത്തിച്ചത്.