കാസർകോട്: ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിലും വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ സംഭവത്തിലും രണ്ട് പേർ പിടിയിൽ. സംഭവത്തിൽ 17 കാരൻ ഉൾപ്പെടെയാണ് പിടിയിലായത്. ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ 21 കാരനായ പത്തനംതിട്ട വയല സ്വദേശി അഖിൽ ജോൺ മാത്യുവാണ് പിടിയിലായത്.
ഇന്ന് പുലർച്ചെയാണ് സംഭവം. കളനാട് റെയിൽവേ പാളത്തിൽ ചെറിയ കല്ലുകൾ അടുക്കി വച്ച നിലയിലായിരുന്നു. വൈകാതെ അമൃത്സർ- കൊച്ചുവേളി എക്‌സ്പ്രസ് ഇതുവഴി കടന്നുപോയതോടെ കല്ലുകൾ പൊടിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഖിൽ പിടിയിലായത്. ജോലി അന്വേഷിച്ചാണ് ഇയാൾ കാസർകോടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
നവംബർ 8 നാണ് വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 17 കാരനെയും പൊലീസ് പിടികൂടി. ബേക്കൽ പൂച്ചക്കാട് വച്ചാണ് ആക്രമണമുണ്ടായത്. വന്ദേഭാരത് കടന്നുപോകുമ്പോൾ പ്രതി കല്ലെടുത്തെറിയുകയായിരുന്നു. ആക്രമണത്തിൽ ട്രെയിനിന്റെ ചില്ല് തകർന്നിരുന്നു.















