ന്യൂഡൽഹി: 100 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് കേസിൽ ചൈനീസ് പൗരനായ ഫാങ് ചെൻജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി കോടികളുടെ ഓൺലൈൻ സ്റ്റോക്ക് ട്രേഡിങ്ങ് തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിൽ നിന്നാണ് ഇയാൾ പിടിയിലാവുന്നത്.
ആന്ധ്രാപ്രദേശിലെയും ഉത്തർപ്രദേശിലെയും സൈബർ ക്രൈം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് രണ്ട് സുപ്രധാന തട്ടിപ്പ് കേസുകളുമായി ഫാങ് ചെൻജിന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാതായി ഷഹ്ദര ഡിസിപി പ്രശാന്ത് ഗൗതം പറഞ്ഞു. തട്ടിപ്പ് ശൃംഖലയ്ക്ക് നേതൃത്വം നൽകിയിരുന്നത് ഫാങ് ചെൻജാണ്. ഇരകളെ വ്യാജ സ്റ്റോക്ക് മാർക്കറ്റ് പരിശീലന സെഷനുകളിലേക്ക് ആകർഷിച്ചായിരുന്നു തട്ടിപ്പ്. ഇവരെ കബളിപ്പിച്ച് ഒന്നിലധികം ഇടപാടുകളിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചു. തട്ടിപ്പിൽ 43.5 ലക്ഷം രൂപ നഷ്ടപ്പെട്ട സുരേഷ് കോളിച്ചിയിൽ അച്യുതന്റെ പരാതിയിൽ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് മുഖ്യപ്രതി പിടിയിലാകുന്നത്.
സൈബർ ക്രൈം പോർട്ടലിൽ രജിസ്റ്റർ ചെയ്ത 17 ക്രിമിനൽ പരാതികളുമായി ചെൻജിന്റെ തട്ടിപ്പിന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇടപാടുകൾ എല്ലാം ഒരേ ഫിൻകെയർ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടിരുന്നു.ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ നമ്പറുകൾ, കോൾ വിശദാംശങ്ങൾ എന്നിവ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. ചെൻജിന്റെ പേരിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. ഇയാളുടെ പക്കൽ നിന്നും മൊബൈൽ ഫോണും വാട്സ്ആപ്പ് ചാറ്റ് ലോഗുകളും ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് കണ്ടെടുത്തു.















