അമിതമായ ജോലിഭാരം കാരണം കൃത്യമായ ഇടവേളകൾ ലാഭിക്കാറില്ലേ? ദിവസം മുഴുവൻ ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിൽ നിങ്ങൾക്ക് പണി കിട്ടുമെന്നുറപ്പാണ്. ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കാതെ ഇരിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശാരീരിക അധ്വാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഏറെനേരം ഇരിക്കുന്നത് അപകടകരമാണെന്ന് പഠനങ്ങൾക്ക് നേതൃത്വം നൽകിയ ബോസ്റ്റണിലെ ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിദഗ്ധൻ ഡോ.എസിം അജുഫോ പറയുന്നു.
ഏകദേശം 90,000 ആളുകളെയാണ് പഠനത്തിന്റെ ഭാഗമായി പരിശോധിച്ചത്. ഇവർ ധരിച്ചിരുന്ന ആക്സിലറോമീറ്ററിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ഗവേഷകർ പക്ഷാഘാതം, ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ രോഗാവസ്ഥകളുണ്ടായവർ ശീലിച്ചുപോന്ന ദിനചര്യയുമായി ഇതിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. അലസതയും മടിയും ഉള്ളവരിൽ മാത്രമല്ല ജോലി സ്ഥലങ്ങളിൽ ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും ഭാവിയിൽ വളരെ പെട്ടന്ന് ഹൃദ്രോഗങ്ങൾ വരുന്നതായി പഠനത്തിൽ പറയുന്നു.
ആളുകൾ ഒരു ദിവസം 10.6 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. ഓരോ 30 മിനിറ്റിലും ശരീരത്തിന്റെ ചലനം അനിവാര്യമാണ്. എലിവേറ്ററുകൾക്ക് പകരം പടികൾ കയറുക, ബാത്ത്റൂം ബ്രേക്കുകൾക്കായി പോകുക, അല്ലെങ്കിൽ മറ്റൊരു ടാസ്ക്ക് ആരംഭിക്കുന്നതിന് മുമ്പ് കുറച്ച് നിമിഷങ്ങൾ എഴുന്നേറ്റ് നിൽക്കുക തുടങ്ങിയ ലളിതമായ ശീലങ്ങൾ പിന്തുടരുന്നത് ഹൃദ്രോഗത്തെ അകറ്റി നിർത്താൻ സഹായിക്കും.