മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്തമാസം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പുടിന്റെ ഇന്ത്യാ സന്ദർശന തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് റഷ്യൻ വാർത്ത ഏജൻസിയായ സ്പുട്നിക് റിപ്പോർട്ട് ചെയ്തു. എന്നാൽ പുടിന്റെ സന്ദർശനത്തെ കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം, കസാനിൽ നടന്ന 16-ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂഡൽഹിയിൽ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡൻ്റിനെ ക്ഷണിക്കുകയും ചെയ്തു.
അടുത്തകാലത്തായി അപൂർവ്വമായി മാത്രമേ പുടിൻ രാജ്യം വിട്ട് പോകാറുള്ളു. 2022-ൽ റഷ്യ-യുക്രെയ്ൻ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിൻ അവസാനമായി ഇന്ത്യയിൽ എത്തിയത്. 2021 ഡിസംബർ 6-ന് ഡൽഹിയിലായിരുന്നു ഉച്ചകോടി.