ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 മസ്കിന്റെ സ്പേസ് എക്സിന്റെ റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിൽ അർദ്ധരാത്രി 12 മണിക്കായിരുന്നു വിക്ഷേപണം.
വാർത്താവിനിമയ ഉപഗ്രഹമായാണ് ജിസാറ്റ്-20 വിശേഷിപ്പിക്കുന്നതെങ്കിലും യഥാർത്ഥത്തിൽ നിരീക്ഷണ ഉപഗ്രഹമെന്നും വേണമെങ്കിൽ ഇതിനെ വിളിക്കാം. ഇന്ത്യൻ മഹാസമുദ്രത്തിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളും ലക്ഷദ്വീപും ഉൾപ്പെടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മുഴുവൻ നിരീക്ഷിക്കാൻ ഇതിന് കഴിയും. ഉപഗ്രഹത്തിന്റെ കണ്ണ് വെട്ടിച്ച് കടൽകാക്ക പോലും പറക്കില്ലെന്ന് ചുരുക്കം. ഇതിന്റെ 32 സ്പോർട്ട് ബീമുകളിൽ 8 എണ്ണം വടക്കുകിഴക്കൻ മേഖലയിലും 24 വീതിയുള്ള ബീമുകൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
അറബിക്കടൽ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയുള്ള ചൈന പോലുള്ള രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കഴിയുമെന്നതാണ് ഈ ഉപഗ്രഹത്തിന്റെ തന്ത്രപ്രധാനമായ വശമെന്ന് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനായ വിനോദ് കുമാർ ശ്രീവാസ്തവ പറയുന്നു. വാർത്താ വിനിയമത്തിന് പുറമെ സൈന്യത്തിനും ഇത് ഉപയോഗിക്കാം.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ആണ് ഉപഗ്രഹത്തിന്റെ ഉടമ. ഇന്ത്യയുടെ തദ്ദേശീയ വിക്ഷേപണ വാഹനമായ മാർക്ക്-3 ന് ഇത്രയും ഭാരമുള്ള ഉപഗ്രഹം ഉയർത്താനുള്ള ശേഷി ഇല്ലാതിരുന്നതിനാലാണ് ജിസാറ്റ്-20 വിക്ഷേപിക്കാൻ ഐഎസ്ആർഒ സ്പേസ് എക്സിനെ തിരഞ്ഞെടുത്തത്.















