കൊച്ചി: കല്യാണം കഴിഞ്ഞ് ഭർതൃവീട്ടിൽ കഴിയുന്ന ഭാര്യയെ ഭർത്താവിന്റെ ബന്ധുക്കൾ ബോഡി ഷെയ്മിംഗ് ചെയ്യുന്നത് ഗാർഹിക പീഡനമാണെന്ന് കേരള ഹൈക്കോടതി. ഭർത്താവോ, ഭർത്താവിന്റെ സഹോദരങ്ങളോ ഭാര്യമാരോ ഇത്തരം അധിക്ഷേപകരമായ ശരീര വർണനകൾ നടത്തുന്നത് ഗാർഹിക പീഡനത്തിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഗാർഹിക പീഡനക്കേസിൽ പ്രതിയായ യുവതിയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് എ ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്. ഭർതൃവീട്ടിൽ വച്ച് ഗാർഹിക പീഡനത്തിനിരയായെന്ന യുവതിയുടെ പരാതിയിൽ കണ്ണൂർ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു. ഭർത്താവ്, പിതാവ്, ജ്യേഷ്ഠന്റെ ഭാര്യ എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 498 എ (ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള ക്രൂരത) പ്രകാരമാണ് കേസെടുത്തത്.
ഭർത്താവിന്റെ ജേഷ്ഠന്റെ ഭാര്യ ശരീരപ്രകൃതത്തെകുറിച്ച് നിരന്തരം അധിക്ഷേപിച്ചിരുന്നു. യുവതി ഭർത്താവിന് അനുയോജ്യയല്ലെന്ന് പറഞ്ഞതായും തന്റെ മെഡിക്കൽ ബിരുദത്തിൽ വരെ സംശയം ഉന്നയിച്ചതായും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ ഒരിക്കലും ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹർജിക്കാരി കോടതിയിൽ വാദിച്ചു. മാത്രമല്ല ഇത്തരം പരാമർശങ്ങൾ ഭർത്തൃമാതാവിന്റെ നിർദ്ദേശപ്രകാരമാണ് താൻ നടത്തിയതെന്നും ഇവർ പറഞ്ഞു.
എന്നാൽ കോടതി ഈ വാദങ്ങൾ തള്ളിക്കളഞ്ഞു. ബോഡി ഷെയ്മിംഗ് ചെയ്യുന്നതും പരാതിക്കാരിയുടെ യോഗ്യതകൾ ചോദ്യം ചെയ്യുന്നതും പ്രഥമദൃഷ്ട്യാ യുവതിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ബോധപൂർവമായ പെരുമാറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജി തള്ളുകയായിരുന്നു.















