എറണാകുളം: കളമശേരിയിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തൽ. പെരുമ്പാവൂർ സ്വദേശിനിയായ ജെയ്സി എബ്രഹാമിനെയാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ജെയ്സിയെ വിളിച്ചിട്ട് കിട്ടാതായതോടെ കാനഡയിലുള്ള മകളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ജെയ്സിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ സജീവമായിരുന്നു ജെയ്സി. അതിനാൽ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ജെയ്സിയുടെ മൊബൈൽ ഫോൺ വീട്ടിൽ നിന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ വന്നുപോയ സന്ദർശകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജെയ്സിയുടെ തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നു. മുഖത്തും ഗുരുതര പരിക്കുകളുണ്ടായിരുന്നു. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.















