ദുബായ്: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം. ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ 3 കോടി 65 ലക്ഷത്തോളം ആളുകളാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ഇക്കാലയളവിൽ 1,11,300 വിമാന സർവീസുകളും നടത്തിയിട്ടുണ്ട്.
2024 സെപ്റ്റംബർ 30 വരെ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത് 6 കോടി 86 ലക്ഷം പേരാണ്. മൂന്നാം പാദത്തിൽ മാത്രം 6.3 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിലെ വർധന. ഇക്കാലയളവിൽ 1,11,300 വിമാന സർവീസുകളാണ് നടത്തിയത്. ഒൻപത് മാസത്തെ കണക്ക് അനുസരിച്ച് 3,27,700 വിമാനസർവീസ് നടത്തി. മുൻവർഷത്തെക്കാൾ 6.4 ശതമാനം കൂടുതലാണിത്.
സെപ്റ്റംബർ മുതൽ ഡിസംബർ അവസാനം വരെ മാത്രം രണ്ട് കോടി 30 ലക്ഷം യാത്രക്കാരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ക്രിസ്മസ് അവധിയാഘോഷിക്കാനും ഡി.എസ്.എഫ് പോലുള്ള മേളകൾ ആസ്വദിക്കാനുമെത്തുന്ന സഞ്ചാരികളുടെ ഒഴുക്ക് കണക്കിലെടുത്താണ് ഈ വിലയിരുത്തൽ. പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാത്രമല്ല, ജീവിക്കാനും ജോലി ചെയ്യാനും ബിസിനസ്സ് ചെയ്യാനും ആഗോളതലത്തിൽ ആകർഷകമായ സ്ഥലമെന്ന നിലയിൽ ദുബായ് മാറിയതിന്റെ തെളിവാണ് യാത്രക്കാരുടെ എണ്ണത്തിലെ വർധനയെന്ന് ദുബായ് എയർപോട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.
ദുബായിൽ നിന്ന് ഏറ്റവും അധികം യാത്രക്കാർ സന്ദർശിച്ച രാജ്യം ഇന്ത്യയാണെന്ന പ്രത്യേകതയുമുണ്ട്. 89 ലക്ഷം പേർ ഇന്ത്യയിലെത്തി. 56 ലക്ഷം യാത്രക്കാരുമായി സൗദിയാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും അധികം പേർ യാത്ര ചെയ്തുപോയ നഗരം ലണ്ടനാണ്. റിയാദും മുംബൈയും രണ്ടും മൂന്നും സ്ഥാനത്തെത്തി.