തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയ നടക്കാതെ കഴിഞ്ഞ 12 വർഷത്തിനിടെ സംസ്ഥാനത്ത് മരണമടഞ്ഞത് 1870 പേർ. ഇത്കാലയളവിൽ മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവ ദാനത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. 377 പേരുടെ അവയവങ്ങൾ മാത്രമാണ് ഇത്തരത്തിൽ ദാനം ചെയ്തിട്ടുള്ളത്.
മസ്തിഷ്കമരണത്തെത്തുടർന്ന് അവയവദാനം ചെയ്‌തവരുടെ എണ്ണം സംസ്ഥാനത്ത് ഈ വർഷം വീണ്ടും കുറഞ്ഞു. നവംബർ 18 വരെയുള്ള കണക്കനുസരിച്ച് മസ്‌തിഷ്‌ക മരണാനന്തരം 10 പേരുടെ അവയവം മാത്രമാണ് ദാനംചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷം 19 ആയിരുന്നു. അവയവദാനം സംബന്ധിച്ചുണ്ടായ വിവാദങ്ങളും കേസുകളും ദാതാക്കളുടെ എണ്ണം കുറയുന്നതിന് ഇടയാക്കിയെന്നാണ് വിലയിരുത്തൽ.
അവയവദാന മേൽനോട്ട ചുമതലയുള്ള കെസോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാൻ്റ് ഓർഗനൈസേഷൻ) യുടെ കണക്കനുസരിച്ച് നിലവിൽ സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിന് സന്നദ്ധരായിട്ടുള്ളവരുടെ എണ്ണം 2897 ആണ്. ദേശീയതലത്തിൽ 14-ാം സ്ഥാനത്താണ് കേരളം. സന്നദ്ധതയറിയിച്ചവരിൽ രാജസ്ഥാനാണ് ഏറ്റവും മുൻപിൽ 40,348 പേർ. കേരളത്തിൽ 2,435 പേരാണ്അവയവങ്ങൾ കിട്ടാൻ കെസോട്ടോയിൽ രജിസ്റ്റർ ചെയ്‌തു കാത്തിരിക്കുന്നത്. ഇതിൽ 1978 പേരും വൃക്ക ആവശ്യമുള്ളവരാണ്.















