മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തുടരും എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കി മോഹൻലാൽ. സംവിധായകൻ തരുൺ മൂർത്തിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഡബ്ബിംഗ് സ്റ്റുഡിയോയിൽ മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രവും തരുൺ മൂർത്തി ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
മോഹൻലാലിന്റെ 360-ാമത് ചിത്രമാണ് തുടരും. ദൃശ്യം-2 ന് ശേഷം സാധാരണക്കാരന്റെ വേഷത്തിലെത്തുന്ന മോഹൻലാലിനെ കാണാനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയായത്. 15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
രജപുത്രയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. ഷൺമുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. സാധാരണക്കാരനായ കുടുംബനാഥന്റെ കഥ പറയുന്ന തുടരും പ്രേക്ഷകർക്ക് വേണ്ടി എന്താണ് ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമാസ്വാദകർ.
ഷൺമുഖത്തിന്റെ ജീവിതത്തിലൂടെയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപ്പിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖതാരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.















