ഷാർജ: രാജ്യാന്തര പുസ്തകോത്സവത്തിന് പുതിയ വേദി ഒരുങ്ങുന്നു. എമിറേറ്റ്സ് റോഡിൽ ഷാർജ വലിയ പള്ളിക്ക് എതിർവശത്തായി പുതിയ സ്ഥലം അനുവദിക്കാൻ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശം നൽകി. വർഷം തോറും ഷാർജ രാജ്യാന്തര പുസ്തകോത്സത്തിൽ എത്തുന്നവരുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ വേദി കണ്ടെത്താൻ നിർദേശം നൽകിയത്.
ഷാർജ റേഡിയോയിൽ ഭരണാധികാരിയുമായുള്ള ഡയറക് ലൈൻ പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടുമുള്ള പ്രസാധകരെയും എഴുത്തുകാരെയും വായനക്കാരെയും ആകർഷിക്കുന്ന ഈ വലിയ സാഹിത്യ പരിപാടി ഷാർജ എക്‌സ്‌പോ സെന്ററിലാണ് വർഷങ്ങളായി നടന്നുവരുന്നത്.
നവംബർ ആറ് മുതൽ 17 വരെ നടന്ന ഇത്തവണത്തെ പുസ്തകോത്സവത്തിൽ 19 ലക്ഷത്തോളം സന്ദർശകാരാണ് എത്തിയത്. സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി പുതിയ കെട്ടിടത്തിലേക്ക് പുസ്തകോത്സവം മാറ്റുന്നതിനുള്ള ആലോചന നേരത്തെ നടന്നിരുന്നു.