കൊൽക്കത്ത: ബംഗ്ലാദേശ് അതിർത്തിക്ക് സമീപം വൻ സ്വർണവേട്ട. 4.3 കോടി രൂപ വിലമതിക്കുന്ന 50 സ്വർണ ബിസ്ക്കറ്റുകളാണ് സിവിൽ എഞ്ചിനീയറുടെ പക്കൽ നിന്നും ബിഎസ്എഫ് പിടിച്ചെടുത്തത്.
പശ്ചിമ ബംഗാളിലെ നോർത്ത് 24- പർഗാനാസ് ജില്ലയിലാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിഎസ്എഫ് തെരച്ചിൽ നടത്തിയത്. തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ഒരാൾ വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. താക്കീത് നൽകിയിട്ടും അനുസരിച്ചില്ല, പിന്നാലെയൊരു ജവാൻ വെടിയുതിർത്തു. തുടർന്ന് ഇയാൾ കീഴടങ്ങി.
സിന്തറ്റിക് കാരിബാഗിൽ കറുത്ത തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണ ബിസ്ക്കറ്റുകൾ. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ 50 സ്വർണ ബിസ്ക്കറ്റുകളാണ് കണ്ടെടുത്തത്. ചോദ്യം ചെയ്യലിനിടയിലാണ് സിവിൽ എഞ്ചിനീയറാണെന്നും എളുപ്പത്തിൽ പണം സമ്പാദിക്കാൻ വേണ്ടിയാണ് കള്ളക്കടത്ത് നടത്തിയതെന്നും ഇയാൾ വെളിപ്പെടുത്തി.
ബംഗ്ലാദേശ് അതിർത്തിയിൽ നിന്നാണ് ചരക്കുകൾ ലഭിക്കുന്നതെന്ന് സിവിൽ എഞ്ചിനീയർ സമ്മതിച്ചു. അജ്ഞാത കാരിയറിന് ഇത് കൈമാറുകയാണ് ചെയ്യുന്നത്. ഒരു ഡെലിവറിക്ക് 500 മുതൽ 1,000 രൂപ വരെ ലഭിക്കും. തിങ്കളാഴ്ച രാവിലെയാണ് 50 സ്വർണ ബിസ്ക്കറ്റുകൾ ലഭിച്ചത്. അത് കൈമാറാൻ പോകുന്നതിനിടയിലാണ് ബിഎസ്എഫ് എത്തിയത്.















