നടുക്കടലിൽ മരണത്തെ മുഖാമുഖം കണ്ട യുവതിയെ ജീവിതത്തിലേക്ക് ‘ചുമലിലേറ്റി’ നാവിക സേനാംഗങ്ങൾ. ഒഡിഷയിലെ മഹാനദിയിൽ സ്പീഡ് ബോട്ടുകൾ കൂട്ടിയിടിച്ചാണ് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്ത്യൻ നേവിയുടെ ഡൈവിംഗ് സംഘമാണ് സമയോചിതമായ ഇടപെടൽ നടത്തിയത്.
ബാലി യാത്രയുടെ ഭാഗമായി നടത്തിയ നിരീക്ഷണത്തിലാണ് ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ഡൈവിംഗ് ടീമിന്റെ ശ്രദ്ധയിൽ അപകടം പെട്ടത്. പരിക്കേറ്റ സ്ത്രീയെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തി ചുമലിലേറ്റി ഒരു കിലോമീറ്ററോളം ചുമന്നാണ് കരയ്ക്കെത്തിച്ചത്. അപകടം സംഭവിക്കുമ്പോഴോ അല്ലെങ്കിൽ മറ്റ് അടിയന്തര ഘട്ടങ്ങളിലോ സായുധ സേന ഉപയോഗിക്കുന്ന വിദ്യയാണ് ബഡി കാരി ടെക്നിക്.
പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആംബുലൻസ് സൗകര്യം ലഭ്യമല്ലാത്തതിനാൽ സംഘം യുവതിയെ ഓട്ടോറിക്ഷയിൽ എത്രയും വേഗം എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. സമയോചിതമായ രക്ഷാപ്രവർത്തനവും സമയബന്ധിതമായി വൈദ്യസഹായം ഉറപ്പിക്കിയതും പൊതുജനക്ഷേമത്തിനായി ഇന്ത്യൻ നാവികസേനയുടെ അർപ്പണബോധത്തെയും പ്രതിബദ്ധതയെയും പ്രതിഫലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.