മുംബൈ: വോട്ടവകാശം വിനിയോഗിച്ച് സർസംഘചാലക് മോഹൻ ഭാഗവത്. നാഗ്പൂരിലെ ഭൗജി ദഫ്താരി മെമ്മോറിയൽ പ്രൈമറി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യ സംവിധാനത്തിൽ വോട്ടിന്റെ പ്രാധാന്യത്തെ കുറിച്ചും എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വോട്ട് ചെയ്യുക എന്നത് എല്ലാവരുടെയും അവകാശമാണെന്നും അത് എല്ലാവരും വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. താൻ ഉത്തരാഖണ്ഡിലായിരുന്നുവെന്നും വോട്ടവകാശം വിനിയോഗിക്കാനായാണ് നാഗ്പൂരിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ പോളിംഗ് പുരോഗമിക്കുകയാണ്. വോട്ടെടുപ്പ് ആരംഭിച്ച് രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ 6.6 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഉപമുഖ്യമന്ത്രി അജിത് പവാർ, റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, അക്ഷയ് കുമാർ രാജ്കുമാർ റാവു, സംവിധായകൻ കബീർ ഖാൻ എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.