സെലിബ്രിറ്റികളുടെ ജീവിതത്തെ കുറിച്ച് അറിയാനും അതിനെ കുറിച്ച് ചർച്ച നടത്താനും വ്യഗ്രതയുള്ള ആരാധകരാണ് ചുറ്റുമുള്ളത്. ഏറ്റവുമൊടുവിലായി എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹ മോചിതരാകുന്നുവെന്ന റിപ്പോർട്ടാണ് സോഷ്യൽ മീഡിയയിലെ ‘ഹോട്ട് ന്യൂസ്’. 29 വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇതിന് പിന്നാലെ ചർച്ചകളും സജീവമായി. ഇതിനിടയിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഇരുവരുടെയും മകൻ അമീൻ റഹ്മാൻ.
സാഹചര്യം മനസിലാക്കണമെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നുമാണ് അമീൻ ആവശ്യപ്പെടുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഭ്യർത്ഥന. മാതാപിതാക്കളുടെ വേർപിരിയൽ വാർത്ത സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും തന്നെ മകൻ പങ്കുവച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രി, സൈറാ ബാനുവിന്റെ അഭിഭാഷക വന്ദനാ ഷാ ആണ് ഇരുവരും വേർപിരിയുന്ന വാർത്ത പ്രസ്താവനയിലൂടെ മാദ്ധ്യമങ്ങളെ അറിയിച്ചത്. ഏറെ വിഷമത്തോടെയാണ് കഠിനമായ തീരുമാനമെടുക്കുന്നതെന്നും തങ്ങളുടെ സ്വാകര്യതയെ മാനിക്കണമെന്നും സൈറ അഭ്യർത്ഥിച്ചതായും പ്രസ്താവനയിലുണ്ട്. ഇതിന് പിന്നാലെയാണ് മകന്റെയും പ്രതികരണം.
വിവാഹജീവിതം മഹത്തരമായ 30 വർഷങ്ങളിലേക്ക് എത്തുമെന്നാണ് കരുതിയിരുന്നതെന്നാണ് എആർ റഹ്മാൻ പ്രതികരിച്ചത്. എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. എന്നിരുന്നാലും ഈ തകർച്ചയിൽ അർത്ഥം തേടുന്നുവെന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. സ്വകാര്യത മാനിക്കണമെന്ന് റഹ്മാനും ആവശ്യപ്പെട്ടിട്ടുണ്ട്.
1995-ലായിരുന്നു ഇരുവരും വിവാഹിതരായത്. റഹ്‌മാന്റെ മാതാവ് നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഖദീജ റഹ്‌മാൻ, എആർ അമീൻ, റഹീമ റഹ്‌മാൻ എന്നിവരാണ് മക്കൾ. ഖദീജ ഇതിനകം സംഗീത സംവിധാന രംഗത്ത് സജീവമാണ്.















